കൊച്ചി: നൂറു ദിവസത്തിനകം നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണുമെന്നായിരുന്നു സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള മേയർ സൗമിനി ജെയിനിന്റെ ആദ്യ പ്രഖ്യാപനം. ഡെപ്യൂട്ടിമേയർ ടി.ജെ. വിനോദും ഇതേ വാഗ്‌ദാനം ആവർത്തിച്ചു. എന്നാൽ ഭരണം അവസാനിക്കാൻ ഒരു വർഷം മാത്രം ശേഷിക്കെ എല്ലാ റോഡുകളിലും വീടുകളിലും വെള്ളമെത്തിച്ചു ഭരണസമിതി "മാതൃകയായി".

ഭരണക്കാരുടെ പിടിപ്പുകേട് മൂലം എറണാകുളം നഗരം അക്ഷരാർത്ഥത്തിൽ കുളമാകുന്ന കാഴ്ച കഴിഞ്ഞ ദിവസം ലോകമെങ്ങും വൈറലായി. കോർപ്പറേഷനിലെ ഭരണപരാജയങ്ങൾ അക്കമിട്ടു നിരത്തിയാണ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡെപ്യൂട്ടി മേയറുമായ ടി.ജെ.വിനോദിനെ എൽ.ഡി.എഫ് നേരിട്ടത്. തിരഞ്ഞെടുപ്പ് ദിനത്തിലെ കനത്ത വെള്ളക്കെട്ട് ഇടതുപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവച്ചു.

# ചെളി കോരാനായി കാേടികൾ

കാന വൃത്തിയാക്കുന്നതിന് ജനകീയാസൂത്രണ ഫണ്ടിൽ നിന്ന് മൂന്നു ലക്ഷം വീതം ഓരോ ഡിവിഷനും നൽകും

പ്ളാൻഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ഇതിന് പുറമെ

കനാലുകൾക്കായി കോടികളുടെ ടെൻഡർ

ആറോ ഏഴോ കോടി രൂപ ചെലവഴിക്കുമെങ്കിലും ചെളി കോരൽ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കോർപ്പറേഷന് സംവിധാനമില്ല. മേയർ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തും. ഭരണക്കാർ ചേരിതിരിഞ്ഞ് കൊമ്പുകോർക്കും. കരാറുകാർ വഴിപാടു പോലെ പണിതീർക്കും. ഫലമോ, ഒറ്റ മഴയിൽ നഗരം വെള്ളത്തിലാകും. ജനങ്ങൾ നട്ടംതിരിയും.

# അശാസ്ത്രീയ കാനനിർമ്മാണം

എം.ജി.റോഡിലെ കാനകളിലെ ചെളികോരിയിട്ട് വർഷങ്ങളായി. നടപ്പാതയ്ക്ക് മേലെ സ്ളാബുകളിട്ടതോടെ മഴവെള്ളത്തിന് ഒഴുകാനുള്ള വഴിയടഞ്ഞു. പത്തു മീറ്റർ ദൂരത്തിലാണ് സ്ളാബുകളിൽ മാൻഹോൾ. അതിൽ ഇറങ്ങുന്ന തൊഴിലാളി അത്രയും ഭാഗത്തെ മണ്ണും ചെളിയും നീക്കും. ബാക്കി മാലിന്യങ്ങൾ കാനയിൽ അവശേഷിക്കും. മഴ അരമണിക്കൂർ നീണ്ടാൽ എം.ജി.റോഡിൽ വെള്ളക്കെട്ടാകും.

# അഴിയാക്കുരുക്കായി പേരണ്ടൂർ കനാൽ

അമൃത് പദ്ധതിയുടെ ഭാഗമായി 16 കോടിയുടെ പേരണ്ടൂർ കനാൽ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 4 മുതൽ 25 മീറ്റർ വരെയാണ് കനാലിന്റെ വീതി. ആറു കോടി രൂപ ഇതുവരെ ചെലവഴിച്ചുവെങ്കിലും കനാൽ കായലിലേക്ക് ചേരുന്ന ഭാഗത്തെ ചെളി പൂർണ്ണമായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. കോരിയ ചെളി തള്ളാൻ സ്ഥലമില്ലാത്തതാണ് മറ്റൊരു പ്രശ്നം. ഈ ചെളി ബ്രഹ്മപുരത്തേക്ക് മാറ്റാൻ കൗൺസിൽ യോഗം തീരുമാനിച്ചുവെങ്കിലും തുടർനടപടികളുണ്ടായില്ല. അതോടെ ചെളി കോരൽ നിലച്ചു.

# മേയറും ഡെപ്യൂട്ടി മേയറും രാജിവയ്ക്കുക:

കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഭരണപരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മേയറും ഡെപ്യൂട്ടി മേയറും രാജിവയ്ക്കണമെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി ആവശ്യപ്പെട്ടു.