manju-war

കൊച്ചി : നടി മഞ്ജു വാര്യർ തനിക്കെതിരെ ഡി.ജി.പിക്ക് നൽകിയ പരാതിയിലെ അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് സംവിധായകൻ വി.എം. ശ്രീകുമാർ മേനോൻ വ്യക്തമാക്കി. തനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തും. സ്നേഹപൂർവവും നിർബന്ധപൂർവവുമായ സമ്മർദ്ദങ്ങളും ഭീഷണികളും അതിജീവിച്ചു കൂട്ടായിനിന്ന തന്നെ മഞ്ജു തോല്പിച്ചു കളഞ്ഞെന്ന് ഫേസ്ബുക്ക് വിശദീകരണത്തിൽ ശ്രീകുമാർ പറയുന്നു.

കേട്ട പഴികൾ, അനുഭവിച്ച വേദനകൾ, അപവാദങ്ങൾ, വാക്ക് പാലിക്കാൻ ഒപ്പം ഉറച്ചു നിന്നപ്പോഴുണ്ടായ ശത്രുക്കൾ, നഷ്ടപ്പെട്ട ബന്ധങ്ങൾ, തന്റെ ബുദ്ധിയിലും സ്‌നേഹത്തിലും ഉണ്ടാക്കിക്കൂട്ടിയ നേട്ടങ്ങൾ എല്ലാം മഞ്ജു എത്ര വേഗമാണ് മറന്നത്. 'എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു.... നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ? ' എന്ന തലക്കെട്ടിലെ പോസ്റ്റിൽ പറയുന്നു.

പോസ്റ്റിൽ നിന്ന്...

നിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ എത്രപേർ, എത്ര പ്രാവശ്യം പറഞ്ഞു, കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീയെന്ന്.

വീട്ടിൽ നിന്ന് ഇറങ്ങി വന്നപ്പോൾ ബാങ്കിൽ 1500 രൂപയേയുള്ളൂവെന്ന് പറഞ്ഞു. കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് തന്നപ്പോൾ ഗുരുവായൂരപ്പൻ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞതും നീ മറന്നു. നിന്റെ അമ്മ നിന്റെ മുമ്പിൽ വച്ചുതന്നെ പറയുമായിരുന്നല്ലോ, നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുതെന്ന്. ശ്രീകുമാർ സഹായിക്കാൻ ഇല്ലായിരുന്നെങ്കിൽ മകളുടെ ഗതി എന്താകുമായിരുന്നെന്ന് ആലോചിച്ചു ഉറക്കമില്ലാതിരുന്ന രാത്രികളെക്കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു.

ഉപകാരസ്മരണ ഇല്ലായ്മയും മറവിയും 'അപ്പോൾ കാണുന്നവനെ അപ്പാ' എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണെന്ന് പറഞ്ഞു തന്നത് ദിവംഗതനായ നിന്റെ അച്ഛൻ ആണ്. സ്വർഗസ്ഥനായ അദ്ദേഹവും എന്നെപ്പോലെ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാവും.

മാത്യു സാമുവൽ ഒരുപാട് കാലമായി അടുത്ത സുഹൃത്താണ്. കല്യാൺ ജുവലേഴ്‌സ് തൃശൂർ പൊലീസിൽ കൊടുത്ത പരാതിയിലും ഡി.ജി.പിക്ക് കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവലിന്റെയും പേര് ഒരുപോലെ പരാമർശിച്ചതിൽ തോന്നിയ സാമ്യത യാദൃച്ഛികത ആയിരിക്കാം. അല്ലേ മഞ്ജു.?

നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹദ് വ്യക്തികൾ ഇപ്പോൾ നിന്റെ മിത്രങ്ങളായതും എന്റെ ശത്രുക്കളായി തുടരുന്നതും മറ്റൊരു യാദൃച്ഛികത ആകാം. വാർത്ത വന്നശേഷം നിരന്തരമായി ബന്ധപ്പെടുന്ന മാദ്ധ്യമ സുഹൃത്തുക്കളുടെയും മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കാണ് പോസ്റ്റെന്നും ശ്രീകുമാർ മേനോൻ പറയുന്നു.