ലാളിത്യമാണ് മുഖമുദ്ര. എപ്പോഴും ചിരിക്കുന്ന മുഖം. ജനങ്ങൾക്കിടയിലാണ് സദാനേരം. ആരുടെയും വലുപ്പച്ചെറുപ്പം നോക്കില്ല. കൊച്ചിയെന്ന മെട്രോ നഗരത്തിൽ ഡി.സി.സി പ്രസിഡന്റ്, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പദവികൾ വഹിക്കുമ്പോഴും സാധാരണക്കാരിൽ ഒരാളാകുന്നു, ടി.ജെ. വിനോദ്.
കെ.എസ്.യുവിൽ രാഷ്ട്രീയത്തുടക്കം കുറിച്ച ടി.ജെ. വിനോദിന്റെ ഏറ്റവും വലിയ കൈമുതൽ താഴേത്തട്ടുവരെ നീളുന്ന സുദൃഢ ബന്ധങ്ങളാണ്. ബൂത്തുതലം മുതൽ പ്രവർത്തിച്ചു കയറിയ പാരമ്പര്യം. 38 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനൊടുവിൽ ഉപതിരഞ്ഞെടുപ്പിലൂടെ എം.എൽ.എ.
കാൽ നൂറ്റാണ്ടായി കൊച്ചി നഗരസഭാ കൗൺസിൽ അംഗമാണ് ടി.ജെ. വിനോദ്. മൂന്നു ഡിവിഷനുകളിൽ മാറിമാറി അഞ്ചു തവണ മത്സരിച്ചപ്പോഴും ജയം കൂടെ നിന്നു. ഓരോ തവണയും വർദ്ധിച്ച ഭൂരിപക്ഷം. ഡിവിഷനുകൾക്കും അതീതമായി കൊച്ചിയിൽ വിനോദ് സൂക്ഷിച്ച ബന്ധങ്ങളും ജനങ്ങളോടുള്ള അടുപ്പവുമാണ് ഇപ്പോഴത്തെ വിജയത്തിന് തിളക്കമേകുന്നത്. നിലവിൽ ഡെപ്യൂട്ടി മേയറും ഡി.സി.സി പ്രസിഡന്റും.
കൊച്ചിയിലെ ലത്തീൻ കത്തോലിക്കാ കുടുംബത്തിൽ ജനിച്ച വിനോദ് പടിപടിയായി പാർട്ടിയുടെ ഉയർന്ന പദവികളിലെത്തിയ നേതാവാണ്. പാർട്ടിയിലെ കരുത്തരായ നേതാക്കളുടെ ഓരം പറ്റി വളരാൻ വിനോദ് ശ്രമിച്ചിട്ടില്ലെന്ന് സഹപ്രവർത്തകർ സാക്ഷ്യം പറയുന്നു. നിരന്തരം പ്രവർത്തിക്കുക- അതാണ് എക്കാലത്തും വിനോദിന്റെ നയം.
കളമശേരി സെന്റ് പോൾസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് ഭാരവാഹിയായി തുടക്കം. അവിടെ യൂണിയൻ ചെയർമാൻ. 1982 ൽ സജീവ രാഷ്ട്രീയത്തിലേക്ക്. 1985 മുതൽ 1993 വരെ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിയായി. 1993 ൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി. 1992 ൽ ഡി.സി.സി അംഗവും 2004 ൽ ജനറൽ സെക്രട്ടറിയും. 2016 ൽ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ പ്രധാന കാരണമായത് വിനോദിന്റെ ജനകീയത തന്നെ. ഐ ഗ്രൂപ്പിൽ ഉറച്ചുനിൽക്കുമ്പോഴും ഗ്രൂപ്പു ഭേദമില്ലാതെ എല്ലാവരുമായും നല്ല ബന്ധം പുലർത്താൻ വിനോദ് ശ്രദ്ധിച്ചു.
ഡി.സി.സി പ്രസിഡന്റിനെ അന്വേഷിച്ചു ചെല്ലുന്നവർ കാണുക, ശീമാട്ടിക്ക് അടുത്തുള്ള തട്ടുകടയിൽ ചായയും കുടിച്ചിരിക്കുന്ന വിനോദിനെ ആയിരിക്കും. ഉച്ചയൂണ് മിക്കവാറും പുല്ലേപ്പടിയിലെ മാത്യുവിന്റെ സാധാ ഹോട്ടലിൽ.