ആലുവ: കൊച്ചി മെട്രോ കോടികൾ മുടക്കി ആലുവ ബൈപ്പാസ് മുതൽ പുളിഞ്ചോട് വരെ സൗന്ദര്യവത്കരിച്ച സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചിട്ടും കണ്ണ് തുറക്കാതെ അധികാരികൾ. മെട്രോ നടപടിയെടുക്കട്ടേ എന്ന നിലപാടിൽ നഗരസഭയും തിരിച്ച് മെട്രോയും നിലപാട് സ്വീകരിച്ചതോടെ സൗന്ദര്യവത്കരണത്തിനായി ചെലവഴിച്ച കോടിക്കണക്കിന് രൂപ നശിക്കുകയാണ്.
പലവട്ടം നാട്ടുകാർ മെട്രോയെയും നഗരസഭയെയും അറിയിച്ചെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.
ഒന്നരവർഷം മുമ്പ് കൊച്ചി മെട്രോ സർവീസ് ആരംഭിക്കുന്നതിന് മുന്നേയാണ് അനുബന്ധപ്രദേശമെന്ന നിലയിൽ മെട്രോറെയിലിന് താഴെയുള്ള ഭാഗം സൗന്ദര്യവത്കരിച്ചത്.
# ആകെ സുന്ദരിയായി
കാൽനട യാത്രക്കാർക്ക് ടൈൽ വിരിച്ച നടപ്പാത, മെട്രോ സൈക്കിൾ കൊണ്ടുപോകുന്നതിന് പ്രത്യേക പാത, കാഴ്ചയില്ലാത്തവർക്ക് സഞ്ചരിക്കുന്നതിന് പ്രത്യേക പാത എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നു. ഇതിന് പുറമെ അവശേഷിക്കുന്ന ഭാഗങ്ങളെല്ലാം പുല്ല് പിടിപ്പിച്ചും മനോഹരമാക്കിയിരുന്നു.
സൗന്ദര്യവത്കരിച്ച ഭാഗങ്ങളെല്ലാം ഇതര സംസ്ഥാനക്കാരുടെ കേന്ദ്രമാണ്. ചരക്ക് വാഹനങ്ങൾ വരെ നടപ്പാതയിലാണ് പാർക്ക് ചെയ്യുന്നത്. ടൈലുകൾ നശിച്ചപ്പോഴാണ് ഇവിടത്തെ അനധികൃത പാർക്കിംഗ് അവസാനിപ്പിച്ചത്. സൗന്ദര്യവത്കരിച്ച പ്രദേശങ്ങളിൽ ഭൂരിഭാഗവും ആലുവ മേല്പാലത്തിന് താഴെയാണ്. മഴയും വെയിലും ഏൽക്കില്ലാത്തതിനാൽ നാടോടികളും മറ്റ് ഇതര സംസ്ഥാനക്കാരും ഇവിടെയാണ് തമ്പടിക്കുന്നത്. മലമൂത്ര വിസർജനം വരെ ഇവിടെയാണ്. നാടോടികൾ അടുത്ത കൂടാരം തേടിപ്പോകുമ്പോൾ ഉപേക്ഷിക്കുന്ന വസ്തുക്കളും ഇവിടെ കിടക്കും. മൂക്കുപൊത്താതെ ഇതിലൂടെ കടന്നുപോകാനാകാത്ത അവസ്ഥയാണ്.
നഗരസഭയുടെ അനാസ്ഥയാണ് സൗന്ദര്യവത്കരണം നശിക്കാൻ കാരണം. നഗരം പാർക്കിംഗ് സൗകര്യമില്ലാതെ വിഷമിക്കുമ്പോഴും മേല്പാലത്തിന് താഴെയുള്ള പലഭാഗങ്ങളിലും ഓട്ടോറിക്ഷ ഡ്രൈവർമാർ ചങ്ങലകളെല്ലാമിട്ട് സ്വന്തം സാമ്രാജ്യംപോലെ കൈവശപ്പെടുത്തിയിരിക്കുകയാണ്.