വൈപ്പിൻ: ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചെയ്ത കനത്ത മഴയെത്തുടർന്ന് വൈപ്പിൻകരയിലെ വിവിധ ഭാഗങ്ങളിലെ 600 ഓളം പേർ ദുരിതാശ്വാസക്യാമ്പുകളിലെത്തി. നായരമ്പലം പുത്തൻകടപ്പുറം, വെളിയത്താംപറമ്പ് പടിഞ്ഞാറ്, മംഗല്യ ഓഡിറ്റോറിയം പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് മഴയെതുടർന്ന് വെള്ളം പൊങ്ങിയത്. ഇവിടെയുള്ളവർ ദേവിവിലാസം യു.പി. സ്‌കൂളിലെ ക്യാമ്പിൽ ഇടം തേടി. 200 പേരാണ് ഇവിടെ തങ്ങിയത്. ഞാറക്കൽ ഒ.എൽ.എച്ച്. കോളനി, അഞ്ചുചിറ എന്നിവിടങ്ങളിലെ 160 പേർ ഞാറക്കൽ മേരിമാതാ കോളേജിലെ ക്യാമ്പിൽ അഭയം തേടി. എടവനക്കാട് അണിയൽ പടിഞ്ഞാറ്, മൂരിപ്പാടം പടിഞ്ഞാറ് എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 255 പേർ എടവനക്കാട് ഗവ. യു.പി. സ്‌കൂളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലെത്തി ക്യാമ്പുകളിൽ കഴിയുന്നവർക്ക് അതാത് വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഭക്ഷണം നൽകുന്നുണ്ട്.

ഇന്നലെ പകൽ മുഴുവൻ മഴ പെയ്യാതിരുന്നതിനാൽ ഇന്ന് രാവിലെയോടെ ഇവർക്കെല്ലാം വീടുകളിലേക്ക് തിരിച്ചുപോകാമെന്നാണ് പ്രതീക്ഷ.
എളങ്കുന്നപ്പുഴ പഞ്ചായത്തിൽ മുരിക്കുംപാടത്ത് സംസ്ഥാനപാത, ബെൽബോ റോഡ്, പുതുവൈപ്പ് എന്നിവിടങ്ങളിൽ വെള്ളം പൊങ്ങി. ആർ.എം.പി തോട് നിറഞ്ഞ് കരയിലേക്കൊഴുകി. എങ്കിലും ഈ പ്രദേശങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് നീങ്ങിയിട്ടില്ല. വെള്ളം പൊങ്ങിയ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും കൊച്ചി തഹസിൽദാർ തോമസിന്റെ നേതൃത്വത്തിൽ റവന്യൂ അധികാരികൾ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
മുൻകാലങ്ങളിൽ പ്രളയം മൂലം കിഴക്കൻ മേഖലയിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നതിനാലാണ് വൈപ്പിൻകരയിൽ വെള്ളപ്പൊക്കമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. അനേകം കൈത്തോടുകൾ നിറഞ്ഞ ഈ മേഖലകളിൽ ഇവയിൽ ഭൂരിപക്ഷവും പലരും നികത്തിയെടുത്തു. പെയ്ത്തുവെള്ളം വീടുകളിൽ നിന്ന് ഒഴുകിപ്പോകാൻ മാർഗമില്ലാതായി. കഴിഞ്ഞ പ്രളയത്തിൽ കായലിൽ മണ്ണുനിറഞ്ഞ് ആഴം കുറവായതും മറ്റൊരു കാരണമാണ്.