നാല് വേദി, 196 ഇനങ്ങൾ, 4,000 കലാപ്രതിഭകൾ

ആലുവ: സി.ബി.എസ്.സി വിദ്യാർത്ഥികളുടെ സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള ജില്ലാ കലോത്സവം 26 മുതൽ 31 വരെ ആലുവ തോട്ടുമുഖം ക്രസന്റ് പബ്ളിക്ക് സ്കൂളിൽ നടക്കുമെന്ന് സി.ബി.എസ്.സി സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിംഖാൻ, ക്രസന്റ് സ്കൂൾ മാനേജർ പി.എസ്. അബ്ദുൾ നാസർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

19 മുതൽ 26 വരെയാണ് കലോത്സവം നിശ്ചയിച്ചിരുന്നത്. 19ന് രചനാമത്സരങ്ങൾ ആരംഭിച്ചെങ്കിലും മഴയെ തുടർന്ന് ജില്ലയിൽ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ 20 മുതലുള്ള പരിപാടികളിൽ മാറ്റം വരുത്തുകയായിരുന്നു. 26, 27 തീയതികളിൽ അവശേഷിക്കുന്ന രചനാമത്സരങ്ങൾ നടക്കും.

196 ഇനങ്ങളിലായി 4,000 കലാപ്രതിഭകൾ പങ്കെടുക്കും. ക്രസന്റ് സ്കൂളിലെ നാല് വേദികളിലാണ് മത്സരം. 60 സി.ബി.എസ്.സി സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.

ഔദ്യോഗിക ഉദ്ഘാടനം 28ന് വൈകിട്ട് അഞ്ചിന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം നിർവഹിക്കും. അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിംഖാൻ അദ്ധ്യക്ഷത വഹിക്കും. സംഗീത സംവി​ധായകൻ വിദ്യാധരൻ, അൻവർ സാദത്ത് എം.എൽ.എ, ബി.എ. അബ്ദുൾമുത്തലിബ്, ടി.കെ. മുംതാസ്, കെ.എ. രമേശ് എന്നിവർ മുഖ്യാതിഥികളായിരിക്കും. സൂര്യകാന്തി എന്നാണ് മുഖ്യവേദിക്ക് പേരി​ട്ടത്. നിശാഗന്ധി, രാജമല്ലി, അല്ലിയാമ്പൽ എന്നിങ്ങനെയാണ് മറ്റ് വേദികൾ.

ക്രസന്റ് എഡ്യുക്കേഷണൽ ചെയർമാൻ എം.എം. അബ്ദുൾ റഹ്മാൻ, സി.ബി.എസ്.സി സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി എം.എൻ. സത്യദേവൻ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ദീപ ചന്ദ്രൻ, ക്രസന്റ് സ്കൂൾ പ്രിൻസിപ്പൽ റൂബി ഷെർദിൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.