കിഴക്കമ്പലം: ലേബർ ക്യാമ്പിലുണ്ടായ തർക്കത്തെത്തുടർന്ന് വെസ്റ്റ് ബംഗാൾ സ്വദേശി സഞ്ജയ് (29) കുത്തേറ്റ് മരിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെ പാടത്തിക്കര ജംഗ്ഷനു സമീപമുള്ള വീട്ടിലാണ് സംഭവം. കരിമുകളിലെ കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്യുന്ന 4 പേരാണ് ഒരു മുറിയിൽ താമസിച്ചിരുന്നത്. മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ സുഹൃത്ത് കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ വെസ്റ്റ് ബംഗാൾ സ്വദേശി അജയിനെ അമ്പലമേട് എസ്.ഐ എൻ.എസ്.റോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.