road
പിറവം പാലത്തിനു സമീപത്തെ റോഡിലെ ഗർത്തം

പിറവത്തെ റോഡുകൾക്ക് ശാപമോക്ഷമില്ല

പിറവം: ടൗണിലെ റോഡായ റോഡൊക്കെ കുളങ്ങളായിട്ട് വർഷം നാലു കഴിഞ്ഞു. ചെറിയൊരു മഴ വന്നാൽ പിറവം ആശുപത്രിപ്പടി മുതൽ ദേവിപ്പടിവരെയുള്ള ടൗൺഭാഗത്ത് അനേകം ചെറുകുളങ്ങൾ രൂപപ്പെടും. വെയിൽ വന്നാലോ പൊടികാരണം മൂക്കുപൊത്തിവേണം യാത്ര. കുണ്ടും കുഴിയും കാരണം ഒച്ചിഴയുന്ന വേഗത്തിലാണ് വാഹനങ്ങളുടെ യാത്ര. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ വലയുന്നത്. ഇവർ സ്ഥിരം അപകടത്തിൽപ്പെടുന്നു.

കൂത്താട്ടുകുളം, തൊടുപുഴ, പാലാ തുടങ്ങിയ കിഴക്കൻ മേഖലകളിൽ നിന്ന് കൊച്ചിയിലേക്ക് പോകണമെങ്കിലും പിറവം ടൗണിലൂടെ യാത്രചെയ്യണം. വളരെ പ്രധാനപ്പെട്ട ടൗൺ ഭാഗം തകർന്നു കിടന്നിട്ടും ബന്ധപ്പെട്ടവർ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.

.  താലൂക്കാശുപത്രിയുടെ മുൻ ഭാഗം തകർന്നു

ദിവസേന നൂറുകണക്കിന് രോഗികളെത്തുന്ന പിറവം താലൂക്കാശുപത്രിയുടെ മുൻഭാഗത്തെ റോഡ് തകർന്ന് ഗർത്തങ്ങളായി മാറി . പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ മുൻഭാഗത്ത് അതീവ ജാഗ്രതയോടെ വാഹനങ്ങൾ കൊണ്ടുപോയില്ലെങ്കിൽ അപകടം ഉറപ്പാണ്. സ്റ്റാൻഡിൽ നിന്ന് വാഹനങ്ങൾ പുറത്തേക്കിറങ്ങുന്ന ഭാഗങ്ങളിൽ വലിയ കുഴികളാണ്. ആടിയുലഞ്ഞാണ് വാഹനങ്ങൾ കടന്നുപോകുന്നത്

.  പാലത്തിലും കുഴിക്ക് പഞ്ഞമില്ല

അഞ്ചാറുമാസം മുമ്പ് പാലത്തിൽ ടാറിംഗ് കഴിഞ്ഞെങ്കിലും പലയിടത്തും വീണ്ടും കുഴികളായി. പിറവം പാലത്തിൽ രൂപപ്പെട്ട കുഴികൾ അപകടങ്ങൾ വിളിച്ചുവരുത്തുന്നു.ആശുപത്രിപ്പടി മുതൽ പാഴൂർ വരെ പോകണമെങ്കിൽ കാൽമണിക്കൂർ വേണ്ടിടത്ത് ഇപ്പോൾ ഇരട്ടിയിലേറെ സമയമെടക്കും. ടൗണിലെ കുഴികളടച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ എം എൽ എ ഫണ്ടിൽ നിന്ന് അനൂപ് ജേക്കബ് എം.എൽ.എ നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഈ ഫണ്ട് ഉപയോഗിച്ച് ഇതുവരെ കുഴിയടയ്ക്കൽ തുടങ്ങിയില്ല.

.  ഇടപെടണം

. നാട്ടുകാരുടെ കണ്ണിൽപൊടിയിടാൻ അങ്ങിങ്ങ് ചില കുഴികൾ അടച്ച് കടമ കഴിക്കുകയാണ് അധികാരികൾ. റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കണം. പിറവം ടൗൺ റോഡിന്റെ അറ്റകുറ്റപ്പണി സഞ്ചാരയോഗ്യമാക്കാൻ എം എൽ എ അടക്കമുള്ളവർ ശക്തമായി ഇടപെടണം

സോജൻ ജോർജ് കൗൺസിലർ, പിറവം നഗരസഭ