mazha
വെള്ളത്തിൽ മുങ്ങി...ശക്തമായ മഴയിൽ വെള്ളത്തിലായ എറണാകുളം കൊച്ചുകടവന്ത്ര റോഡ്

കൊച്ചി: എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാത്തത് നഗരസഭയുടെ കഴിവുകേടാണെന്നും ഇത്തരമൊരു നഗരസഭയെ പിരിച്ചുവിടാൻ സർക്കാർ 'ഗട്ട്സ്' കാണിക്കണമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.

നഗരത്തിലെ പേരണ്ടൂർ കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട കേസിൽ അമിക്കസ് ക്യൂറിയായ അഭിഭാഷകൻ സിംഗിൾ ബെഞ്ചിൽ ഹാജരായി കഴിഞ്ഞ ദിവസത്തെ പെരുമഴയിൽ നഗരം മുങ്ങിയ സ്ഥിതി വിശദീകരിച്ചിരുന്നു. തുടർന്നാണ് കൊച്ചി കോർപ്പറേഷനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. കേരള മുനിസിപ്പാലിറ്റി ആക്ടിലെ 64 -ാം വകുപ്പു പ്രകാരം നഗരസഭാ കൗൺസിലിനെ സർക്കാർ പിരിച്ചു വിടാത്തതെന്താണെന്നു ചോദിച്ച സിംഗിൾ ബെഞ്ച്, അഡ്വക്കേറ്റ് ജനറൽ ഇന്ന് ഹാജരാകണമെന്നും ആവശ്യപ്പെട്ടു.

ഹൈക്കോടതി പറഞ്ഞത്

നഗരസഭാ കൗൺസിൽ പിരിച്ചുവിടാൻ വേറൊരു കേസിൽ മറ്റൊരു ബെഞ്ചും പറഞ്ഞിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനം ഇത്തരത്തിൽ പ്രവർത്തിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് സർക്കാരിന് അറിയില്ലേ? നഗരസഭ കഴിവുകെട്ടതാണെങ്കിൽ സർക്കാർ ഇടപെടണം. നഗരം നശിക്കുന്ന സ്ഥിതിയായിട്ടും ജനങ്ങൾ എന്തുകൊണ്ടാണ് മുന്നോട്ടു വരാത്തത് ? ജനങ്ങൾ ഇടപെടാത്തതിനാൽ കോടതിക്ക് ഇടപെടേണ്ടി വരുന്നു. അമേരിക്കയിൽ നല്ല റോഡുകൾ ഉറപ്പാക്കാൻ ഗുഡ് റോഡ് മൂവ്മെന്റ് ഉണ്ടായത് ഓർക്കണം. ഈ നഗരസഭാ കൗൺസിൽ കൊണ്ട് എന്തു പ്രയോജനമാണ് ? ഏതെങ്കിലും പ്രൊഫഷണൽ ഏജൻസി​കളെ ഏൽപിച്ചാൽ പോലും ഭരണം ഭംഗിയായി നടത്തും. കഴിഞ്ഞ പ്രളയത്തിൽനിന്ന് ഒന്നും പഠിച്ചില്ല.

ഇതു പ്രളയമല്ല, മഴയാണുണ്ടായത്. പ്രളയമുണ്ടായാൽ എന്തു ചെയ്യും ? മഴ തോർന്നിട്ടും കുറേയാളുകൾ വെള്ളക്കെട്ടിലാണ്. പാവങ്ങൾ വെള്ളക്കെട്ടിൽ തന്നെ ജീവിക്കേണ്ടിവരുന്നു. കൊച്ചി നഗരത്തെ സിംഗപ്പൂരാക്കുമെന്നു പറയുന്നു. സിംഗപ്പൂരൊന്നുമാക്കേണ്ട കൊച്ചിയാക്കിയാൽ മതി. പാവപ്പെട്ടവരെ മറക്കരുത്. ഏറെക്കാലമായി നഗരസഭയിൽ അധികാരത്തിലുള്ളവർ ഒന്നും ചെയ്യുന്നില്ല. എല്ലാവരും രാഷ്ട്രീയമാണ് പറയുന്നത്. കലൂരിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ വർഷം തോറും വെള്ളത്തിൽ മുങ്ങണമെന്നാണോ ? കെ.എസ്.ഇ.ബിയുടെ അഭിഭാഷകൻ വിശദീകരണം നൽകണം - ഹൈക്കോടതി വാക്കാൽ പറഞ്ഞു.

പേരണ്ടൂർ കനാലിലെ നീരൊഴുക്ക് തടസപ്പെട്ടത് പനമ്പിള്ളി നഗർ, കലൂർ, കതൃക്കടവ്, എളമക്കര തുടങ്ങി നഗരത്തിലെ പ്രധാന മേഖലകളിൽ വെള്ളക്കെട്ടുണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. പേരണ്ടൂർ കനാൽ നഗരത്തിന്റെ ജീവനാഡിയാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.

" ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴയും വേലിയേറ്റവുമൊക്കെയാണ് കഴിഞ്ഞ ദിവസം നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാക്കിയത്. കാലാകാലങ്ങളായി കോർപ്പറേഷൻ ജോലി ചെയ്തില്ല എന്ന് ആ വെള്ളക്കെട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് കോടതി പരാമർശിച്ചത്. രാവിലെ ആറ് മണിമുതൽ നഗരത്തിലെ വെള്ളക്കെട്ടിലായിരുന്നു ഞാനും. കളക്ടർ ചെയ്ത ജോലികൾ പത്രങ്ങളിൽ വന്നു. ഇത്രകാലവും കഴിഞ്ഞ ദിവസവും ഞാൻ ചെയ്ത ജോലികൾക്ക് രേഖയുണ്ടാക്കി വയ്ക്കാൻ എനിക്ക് കഴിഞ്ഞില്ല. അത് കോടതിയെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല.-

"സൗമിനി ജയി ൻ (കൊച്ചി മേയർ)​