കൊച്ചി: നഗരം താറുമാറാക്കിയ മേയർ സൗമിനി ജെയിൻ സ്ഥാനം രാജി വച്ച് ഒഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നാലു വർഷത്തെ ഭരണ നേട്ടമാണ് നഗരത്തിലെ അതിരൂക്ഷമായ വെള്ളക്കെട്ട്. 2012 മുതൽ 2019-20 വരെയുള്ള കാലംവരെ 78കോടിയോളം രൂപ പ്ലാൻ ഫണ്ടിൽ നീക്കിവച്ചെങ്കിലും തുക ചെലവഴിക്കാൻ കഴിയാത്തതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം.അമൃത് പദ്ധതിയിലൂടെ 55 കോടി രൂപയാണ് ടി.പി.കനാൽ,രാമേശ്വരം കനാൽ കാരണക്കോടം തോട് ഉൾപ്പടെയുള്ള 49 പദ്ധതികൾക്കായി നീക്കിവച്ചിരുന്നത്.ഈ പദ്ധതികൾ 2020 മാർച്ചിൽ പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാൻ കഴിയുന്ന കാര്യം സംശയമാണ്. പ്രതിവർഷം 6 കോടി രൂപ കാനകൾ ശുചീകരിക്കുന്നതിനായി മാത്രം ചെലവഴിക്കുന്നു. എന്നാൽ ഇതെല്ലാം കടലിൽ ഒഴുക്കി കളയുന്നതു പോലെയാണ് അനുഭവം. വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന ആവശ്യം പരിഗണിക്കാൻ ഭരണ നേതൃത്വം തയ്യാറായിട്ടില്ല. ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സൗമിനി ജെയിൻ മേയർ പദവി രാജി വച്ച് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി,എൽ.ഡി.എഫ് പാർലിമെന്ററി സെക്രട്ടറി വി.പി.ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.