കൊച്ചി: കൊച്ചുപെണ്ണേ..., ജയസൂര്യയുടെ വിളികേട്ട് തല ഉയർത്തി അവൾ വിളികേട്ടു- 'മ്‌മ്മേ..മ്‌മ്മേ...' - കൊച്ചുകുട്ടനും കല്ലുവും ലല്ലുവുമെല്ലാം മുരടനക്കി ജയസൂര്യയെ നോക്കി. എന്താ ഞങ്ങളെ വിളിക്കാത്തത് എന്നാണ് ഭവം.
തണ്ണീർമുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആടുപ്രേമിയായ ജയസൂര്യ. 21 ആടുകളുണ്ട്. എല്ലാത്തിനും പേരുമിട്ടു. തണ്ണീർമുക്കം കരിക്കാട്ടെ വീടിന്റെ മട്ടുപ്പാവിലാണ് ആട്ടിൻകൂട് ! ബാല്യത്തിലേ മൃഗസ്നേഹിയായിരുന്ന ജയസൂര്യയ്ക്ക് അഞ്ചാംക്ളാസിൽ പഠിക്കുമ്പോഴാണ് ആടുകളോട് പെരുത്ത് ഇഷ്ടമായത്. അന്നൊരുനാൾ പിതാവ് ഒരാടിനെ വാങ്ങിക്കൊണ്ടുവന്നു. ആദ്യ പ്രസവത്തിൽ ഒരാട്ടിൻകുട്ടി. രണ്ടാമത് നാല് പെൺകിടാങ്ങൾ. അവയിപ്പോൾ പെറ്റുപരുകിയാണ് 21 എണ്ണമായത്. പാൽ വിറ്റ് വരുമാനം ഉണ്ടാക്കുന്നതിനൊപ്പം ആടിനെ വിറ്റും ലാഭമുണ്ടാക്കി. മൃഗഡോക്ടർ ആകണമെന്നാണ് ആഗ്രഹം. മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയുമടങ്ങുന്ന കുടുംബത്തിന് ആകെയുള്ളത് നാലുസെന്റ് ഭൂമി. അതിനാൽ, ടെറസിൽ ഷീറ്റാൽ മേൽക്കൂര പണിത് ചുറ്റും മറച്ചു. ടൈലും പാകി. ആടുകൾക്ക് ഉല്ലസിക്കാൻ ചെറിയ കളിത്തട്ടും റെഡിയാക്കി.
ആടുജീവിതം ഇങ്ങനെ
പഠിക്കാനും മിടുക്കനാണ് ജയസൂര്യ. അതിന് തടസമില്ലാതെയാണ് ഈ ആടുജീവിതം. രാവിലെ എല്ലാറ്റിനെയും താഴെയിറക്കി, അയൽപക്കത്തെ പുരയിടങ്ങളിൽ കെട്ടും. സ്‌കൂളിൽ പോകും വരെ ആടുകളോടൊപ്പംതന്നെ. വൈകിട്ട് തിരികെ കയറ്റും. സഹായിയായി അമ്മയുണ്ട്.
ബേക്കറി ജോലിക്കാരനായ ജയചന്ദ്രൻ രാത്രിയിൽ ഒരു ചാക്കു നേന്ത്രക്കായ തൊലിയുമായാണ് തിരിച്ചെത്തുക. ഇതാണ് ആടുകളുടെ പ്രിയ ഭക്ഷണം. കടലപ്പിണ്ണാക്കും പുളിയരി വേവിച്ചതും നൽകും. ഏക മകനായ ജയസൂര്യയുടെ വീടിന്റെ പേരും 'ജയസൂര്യ' എന്നാണ്.