കൊച്ചി : പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിക്കേസിനു സമാനമായ കേസ് ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസിൽ പ്രതികളായ സുമിത് ഗോയൽ, ടി.ഒ. സൂരജ്, എം.ടി. തങ്കച്ചൻ എന്നിവർ വീണ്ടും നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സിംഗിൾബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്. ആഗസ്റ്റ് 30 മുതൽ ജയിലിലാണെന്നും ഇടമലയാർ കേസിലും പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് അഴിമതിക്കേസിലും പ്രതികൾ ഇത്രയും നാൾ ജയിലിൽ കിടന്നിട്ടില്ലെന്നും മുൻ പൊതുമരാമത്ത് വകുപ്പു സെക്രട്ടറി ടി.ഒ. സൂരജിന്റെ അഭിഭാഷൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. കേസിൽ ചില രേഖകൾ ഹാജരാക്കാനുണ്ടെന്ന് ഒന്നാം പ്രതി സുമീത് ഗോയൽ അറിയിച്ചു. ഹാജരാക്കാൻ അനുമതിയും നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ രേഖകൾ പിടിച്ചെടുത്തെന്നും കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും വിജിലൻസ് വിശദീകരിച്ചു. അഴിമതിക്കേസുകളിൽ രേഖകൾ കണ്ടെടുക്കുന്നതാണ് പ്രധാനമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നതടക്കമുള്ള വാദങ്ങൾ കഴമ്പില്ലാത്തതാണെന്നും ടി.ഒ. സൂരജിന്റെ അഭിഭാഷകൻ വ്യക്തമാക്കി. സൂരജിനെതിരെ നിരവധി പരാതികളുണ്ടല്ലോയെന്ന് കോടതി ചോദിച്ചപ്പോൾ ഇവയെല്ലാം തീർപ്പായതാണെന്ന് അഭിഭാഷകൻ മറുപടി നൽകി. കേസന്വേഷണം എവിടെയെത്തിയെന്ന കോടതിയുടെ ചോദ്യത്തിന് വിശദമായ മറുപടി നൽകാമെന്ന് വിജിലൻസ് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.