ഡ്രെയിനേജ് സംവിധാനത്തെക്കുറിച്ച് കൊച്ചി മെട്രോയോട് കളക്ടർ റിപ്പോർട്ട് തേടി
കൊച്ചി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വെള്ളം കയറി കലൂർ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ പ്രവർത്തനം നിർത്താനിടയായ സാഹചര്യം ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ആവിഷ്കരിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
സബ് സ്റ്റേഷൻപരിസരത്തെ കനാലുകളിൽ വെള്ളമൊഴുക്ക് തടസപ്പെട്ടതാണ് ഈ മേഖലയിൽ അപ്രതീക്ഷിതമായി വെള്ളം കയറാൻ ഇടയാക്കിയത്. സബ് സ്റ്റേഷന്റെ പ്രവർത്തനം നിറുത്തേണ്ടി വരുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിലവിലുള്ള ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി റിപ്പോർട്ട് നൽകാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കെ.എം.ആർ.എൽ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
'ഓപ്പറേഷൻ ബ്രേക്ക്ത്രൂ' വിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
വെള്ളക്കെട്ടിൽ ബുദ്ധിമുട്ടിയ കൊച്ചി നഗരത്തിന്റെ ദുരവസ്ഥയ്ക്ക് 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ' വിലൂടെ അടിയന്തര പരിഹാമുണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. പൊലീസ്, ഫയർഫോഴ്സ്, റെവന്യൂ, പി.ഡബ്ല്യുഡി, ഇറിഗേഷൻ, കെ.എസ്.ഇ.ബി, കോർപ്പറേഷൻ തുടങ്ങിയവിടങ്ങളിലെ 2800ൽ പരം ഉദ്യോഗസ്ഥരെയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ സംഘടിപ്പിച്ചത്. നാലു മണിക്കൂർ കൊണ്ട് നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ടുകൾ ഏറെക്കുറെ ഒഴിവാക്കാനായി.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ജില്ലാ ഭരണസംവിധാനത്തിന് നിർദ്ദേശം നൽകി. ഇത് താത്ക്കാലിക പരിഹാരം മാത്രമാണ്. ഇതു പോലൊരനുഭവം കൊച്ചി നഗരവാസികൾക്ക് ഇനി ഉണ്ടാകാതിരിക്കാനുള്ള ഇടപെടലിന് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.