hibi-eden-wife

കൊച്ചി: വീട്ടിൽ വെള്ളം കയറിയ സാഹചര്യത്തിൽ, വിധിയെ ബലാത്സംഗത്തോട് ഉപമിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഹൈബി ഈഡൻ എം.പിയുടെ ഭാര്യ കുരുക്കിലായി. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് അന്ന ലിൻഡ ഈഡൻ മാപ്പപേക്ഷിച്ചു.

'വിധി ബലാത്സംഗം പോലെ,​ എതിർക്കാനായില്ലെങ്കിൽ ആസ്വദിക്കുക' എന്നായിരുന്നു അന്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മകളെ ബോട്ടിലേക്ക് കയറ്റുന്ന ഫോട്ടോയ്ക്കൊപ്പം ഐസ്ക്രീം കഴിക്കുന്ന ഹൈബിയുടെ പടം കൂടി ചേർത്തായി​രുന്നു പോസ്റ്റ്. ഇതി​നെ നിരവധി പേർ അപലപിച്ചു. ബലാത്സംഗത്തെ ആസ്വദിക്കാനാവശ്യപ്പെടുന്ന തമാശ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളുടെ ഭാര്യ പറയരുതായിരുന്നെന്നാണ് അഭിപ്രായങ്ങൾ കൂടുതലും.

പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടണമെന്ന് മാത്രമേ താൻ ഉദ്ദേശിച്ചുള്ളൂ. പിതാവ് ആശുപത്രിക്കിടക്കയിൽ കഴിയവെയാണ് വീട്ടിൽ വെള്ളം കയറിയത്. എല്ലാ ദുഃഖങ്ങളും ഒരുമിച്ചു വന്നപ്പോൾ പണ്ട് അമിതാഭ് ബച്ചൻ ഉപയോഗിച്ച വാക്കുകൾ കടമെടുത്തതാണ്. അത്തരം ദുരവസ്ഥയിലൂടെ കടന്നുപോയവർക്ക് മാനസിക വിഷമം ഉണ്ടായെന്ന് മനസിലാക്കുന്നു. നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അന്ന വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്

'സോഷ്യൽ മീഡിയയിൽ ഞാൻ ഉപയോഗിച്ച വാക്കുകൾ എന്റെ ഉദ്ദേശ്യങ്ങൾക്കപ്പുറം ചർച്ച ചെയ്യപ്പെടുകയും, ജീവിതത്തിൽ അത്തരം ദുരവസ്ഥയിലൂടെ കടന്നുപോയവർക്ക് മാനസി​ക വിഷമം ഉണ്ടാക്കുകയും ചെയ്തെന്ന് ഞാൻ മനസിലാക്കുന്നു'- എന്നു തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നതിങ്ങനെ-

'സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് എന്നാണ് ഓർമ്മ. അമിതാഭ് ബച്ചൻ എ.ബി.സി.എൽ എന്ന പരിപാടി നടത്തി ആകെ പൊളിഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നടത്തിയ ഒരു പരാമർശമായിരുന്നു ഞാനും കുറിച്ചത്. ആ കാലത്ത് തന്നെ ആ പരാമർശം എന്നെ വല്ലാതെ സ്വാധീനിച്ചു. ആ ഓർമ്മയാണ് ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ എന്നെ പ്രേരിപ്പിച്ചത്....എന്റെ പോസ്റ്റിൽ ഇങ്ങനെ തെറ്റിദ്ധാരണ ഉണ്ടായതിൽ ഏറെ വി​ഷമമുണ്ട്. ഞാൻ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.'