കൊച്ചി: കൊച്ചി ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം ഉൾപ്പെടെയുള്ള പത്ത് സി.പി.ഐ നേതാക്കൾ അന്വേഷണസംഘം മുമ്പാകെ കീഴടങ്ങി. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയതെങ്കിലും ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന കോടതി ( എ.സി.ജെ.എം) ജാമ്യം അനുവദിച്ചു.
സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.എൻ.സുഗതൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.സി. സൻജിത്ത്, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. അഷറഫ്, മുണ്ടക്കയം സദാശിവൻ, ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ, ആൽവ്യൻ സേവ്യർ, ജോൺ മുക്കം, സതീഷ് കുമാർ എന്നിവരാണ് കീഴടങ്ങിയ മറ്റുള്ളവർ. എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം ജോ.സെക്രട്ടറി അൻസാർ അലിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് വാഹനത്തിന് കേടുവരുത്തൽ, ഉദ്യോഗസ്ഥരെ മർദ്ദിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു. ജാമ്യ വ്യവസ്ഥപ്രകാരം നഷ്ടപരിഹാരമായ 40,500 രൂപ കെട്ടിവച്ചു. ഓരോരുത്തരും 50,000 രൂപയുടെ ബോണ്ടും കെട്ടിവച്ചു. രണ്ടു മാസം എല്ലാ ശനിയാഴ്ചയും ക്രൈം ഡിറ്റാച്ചുമെന്റ് അസി. കമ്മിഷണർ മുമ്പാകെ ഒപ്പിടണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ഞാറയ്ക്കൽ ഗവ. കോളേജിൽ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റവരെ കാണാനെത്തിയ പി.രാജുവിനെ ഡി.വൈ.എഫ്.ഐക്കാർ തടഞ്ഞു. സംഭവം നേരിൽ കണ്ടിട്ടും നടപടിയെടുക്കാത്ത ഞാറയ്ക്കൽ സി.ഐയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ജൂലായ് 23 ന് സി.പി.ഐ ഡി.ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.