മൂവാറ്റുപുഴ: പതിറ്റാണ്ടുകളായി മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമാണ് മൂവാറ്റുപുഴ ടൗൺ വികസനം. കെ.എസ്.ടി.പി.റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എം.സി.റോഡിലെ മറ്റ് ടൗണുകളെല്ലാം വികസിച്ചപ്പോൾ മൂവാറ്റുപുഴയിൽ വെള്ളൂർകുന്നം വരെയും, പി.ഒ.ജംഗ്ഷൻവരെയും റോഡ് നിർമ്മാണം പൂർത്തിയാക്കി മൂവാറ്റുപുഴ നഗരത്തെ ഒഴിവാക്കുകയായിരുന്നു.മൂവാറ്റുപുഴ നഗര വികസനത്തിന് 135പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. ഈസർക്കാർ 82പേരുടെ സ്ഥലമേറ്റെടുത്തു. ഇതിനായി 17.30കോടി രൂപ വിതരണം ചെയ്തു. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിനും, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും 15ലക്ഷം രൂപയും അനുവദിച്ചു. ഭൂമി ഏറ്റെക്കുമ്പോൾ ഏറ്റെടുക്കുന്ന സ്ഥലത്തെ താത്ക്കാലിക നിർമ്മാണ പ്രവർത്തനങ്ങൾക്ക് 35ലക്ഷം രൂപയും അനുവദിച്ചു. ടൗൺ വികസനവുമായി ബന്ധപ്പെട്ട് ഇനിയും 53പേരുടെ സ്ഥലം ഏറ്റടുക്കണം, 32.14കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുണ്ട്. 53പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് 19.50കോടി രൂപയും, വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും, കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക് പോസ്റ്റുകളും നീക്കം ചെയ്യുന്നതിന് 2.25കോടി രൂപയും, റോഡ് നിർമ്മാണത്തിന് 17.50കോടി രൂപയും അടയ്ക്കമാണ് 32.14കോടി രൂപ അനുവദിച്ചിരിക്കുന്നത്. എൽദോ എബ്രഹാം എം.എൽ.എ നടത്തിയ ഇടപെടലുകളാണ് ടൗൺ വികസനത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്.