കൊച്ചി: പെരുമഴ എറണാകുളത്തെ വോട്ടിംഗ് ശതമാനം കുത്തനെ കുറച്ചെങ്കിലും മുന്നണികൾ ശുഭ പ്രതീക്ഷയിലാണ്. വോട്ടു കുറഞ്ഞത് അനുകൂലമായി ആരും തുറന്നു പറയുന്നില്ല. പൊന്നാപുരം കോട്ട കൈവിടില്ലെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. അട്ടിമറി സ്വപ്‌നങ്ങളിലാണ് എൽ.ഡി.എഫും ബി.ജെ.പിയും. വോട്ടെണ്ണലിന് ഒരു ദിവസം ബാക്കി നിൽക്കേ സ്ഥാനാർത്ഥികൾ മനസു തുറക്കുന്നു.
ഭൂരിപക്ഷം കൂടും
കൊച്ചിയിൽ കഴിഞ്ഞ ദിവസം പെയ്‌തത് ഇരട്ട തീവ്രമഴയാണ്. വെള്ളക്കെട്ടും മഴയും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. വോട്ടർമാർ യു.ഡി.എഫിനെ കൈവിടില്ല. എക്കാലത്തെയും പോലെ ഇക്കുറിയും മികച്ച വിജയം നേടും. വൻ ഭൂരിപക്ഷം തന്നെ ലഭിക്കും. വെള്ളക്കെട്ട് ഉയർത്തി കോർപ്പറേഷനെയും ഡെപ്യൂട്ടി മേയറായ തനിക്ക് നേരെയും നടത്തിയ എൽ.ഡി.എഫ് ആരോപണങ്ങൾ ജനം തള്ളും.
ടി.ജെ. വിനോദ്
യു.ഡി.എഫ് സ്ഥാനാർത്ഥി
അട്ടിമറിക്കും
പെരുമഴയിലും ഇടത് വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട്. പോളിംഗ് കുറഞ്ഞെങ്കിലും ജയം ഉറപ്പാണ്. 3000 വോട്ടുകൾക്ക് ജയിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് കോർപ്പറേഷന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടുന്നതായിരുന്നു. ഡെപ്യൂട്ടി മേയറായ യു.ഡി.എഫ് സ്ഥാനാർത്ഥിയെ ജനം തടഞ്ഞു. കോർപ്പറേഷന്റെ ദുർഭരണത്തിന് എതിരായ ജനവികാരം ഇടത് മുന്നണിക്ക് അനുകൂലമായിട്ടുണ്ട്.
അഡ്വ. മനു റോയ്
ഇടതു സ്വതന്ത്രൻ
ജയം ഉറപ്പ്
പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും മിന്നും ജയം നേടും. കൊച്ചി കോർപ്പറേഷന്റെ കെടുകാര്യസ്ഥതയാണ് വെള്ളക്കെട്ട് പ്രശ്‌നം ഗുരുതരമാക്കിയത്. ഇതിൽ യു.ഡി.എഫും എൽ.ഡി.എഫും ഒരു പോലെ ഉത്തരം പറയണം. വോട്ട് ചെയ്യാൻ കഴിയാത്തവർ ഇന്നലെ വിളിച്ച് സങ്കടം അറിയിച്ചിരുന്നു. എങ്കിലും എറണാകുളത്തുകാർ എന്നോടൊപ്പം നിന്നതായാണ് കരുതുന്നത്. എറണാകുളത്ത് താമര വിരിയും.
സി.ജി.രാജഗോപാൽ
ബി.ജെ.പി സ്ഥാനാർത്ഥി