vhss
ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ് സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടിൽ ശേഖരണ തൊട്ടിൽ

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കാനായി സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടിൽ തൊട്ടിൽ താരമാകുന്നു. ബസ് സ്റ്റേഷൻ പരിസരത്ത് യാത്രക്കാരും മറ്റും വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികൾ പലേടത്തും ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഇവിടെ പ്ലാസ്റ്റിക് ശേഖരണത്തോട്ടിൽ സ്ഥാപിക്കാൻ കുട്ടികൾ തീരുമാനിച്ചത്. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ റീ സൈക്കിൾ ചെയ്ത് ഉപയോഗിക്കുവാനായി കേരള മിഷന് നൽകും. കഴിഞ്ഞ ദിവസം കേരള മിഷൻ ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളും അദ്ധ്യാപകരും പരിസ്ഥിതിയെ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും രക്ഷിക്കാനായി ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും അഭിപ്രായപ്പെട്ടിരുന്നു. .

ബസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ റോണിമാത്യു അദ്ധ്യക്ഷത വഹിച്ചു. എ.ടി.ഒ കെ.ജി ജയകുമാർ പ്ലാസ്റ്റിക് ബോട്ടിൽതൊട്ടിലിൽ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ.ആർ, ഡോ. അബിത രാമചന്ദ്രൻ, ഹണി വർഗീസ്, സ്കൂൾ ചെയർപേഴ്സൺ മീഖൾ സൂസൺ ബേബി, അഷ്കർ നൗഷാദ്, അജയ് ബിജു, മാഹീൻ അബൂബേക്കർ തുടങ്ങിയവർ പങ്കെടുത്തു.