marad

കൊച്ചി: മരടിലെ 34 ഫ്ലാറ്റുടമകൾക്ക് കൂടി നഷ്ടപരിഹാരം നൽകാൻ ഇന്നലെ ചേർന്ന ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റി ശുപാർശ നൽകി. ഇവരിൽ മൂന്ന് പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ വീതം ലഭിച്ചത്. ഏഴുപേർക്ക് 21.28 ലക്ഷം ലഭിച്ചു. 85 പേരുടെ അപേക്ഷകൾ ഇന്നലെ പരിഗണിച്ചു. ഇതുവരെ 141 ഫ്ളാറ്റുടമകൾക്കായി 25.25 കോടി രൂപ നൽകി. തുക ഒരു ദിവസത്തിനുള്ളിൽ ഇവരുടെ അക്കൗണ്ടുകളിൽ എത്തും. പലരും ആധാരവില കുറച്ചു കാണിച്ചാണ് ഫ്ലാറ്റുകൾ വാങ്ങിയത്. അതുകൊണ്ടാണ് സുപ്രീം കോടതി നിർദ്ദേശിച്ച 25 ലക്ഷം രൂപ മിക്കവർക്കും കിട്ടാതെ പോയത്. കൂടുതൽ നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെങ്കിൽ കോടതിയെ സമീപിക്കണം. 241 പേർ അർഹരാണെന്നാണ് മരട് നഗരസഭ കമ്മിറ്റിയെ അറിയിച്ചിരുന്നത്.

പ്ളക്കാർഡ് പ്രദർശനത്തിലൂടെ പ്രതിഷേധം

മരട് ഫ്ലാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം പൊതു ഖജനാവിൽ നിന്ന് നൽകുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.ടി.യു ജില്ലാ ഭാരവാഹികൾ ഹൈക്കോടതി ജംഗ്ഷനിൽ ഇന്ന് പ്ളക്കാർ‌ഡ് പ്രദർശനം നടത്തും. രാവിലെ 10 മുതൽ 12 വരെയാണ് പ്രതിഷേധം. കെ.എസ്.ടി.യു ജില്ലാ ഭാരവാഹികളായ സെബാസ്റ്റ്യൻ പാലക്കത്തറ, കെ.കെ വേലായുധൻ, മുരളി വരാപ്പുഴ, ജെ.കെ നാരായണൻ എന്നിവർ നേതൃത്വം നൽകും.