കൊച്ചി: തീരദേശ പരിപാലനനിയമം ലംഘിച്ച് മരടിൽ ഫ്‌ളാറ്റുകൾ നിർമ്മിക്കാൻ അനുമതി നൽകുകയും അവ തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തുകയും ചെയ്ത കേസിൽ മരട് മുൻ പഞ്ചായത്തംഗങ്ങളെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. 2006 ലെ ഭരണസമിതിയിൽ അംഗങ്ങളായിരുന്ന രണ്ട് പേരോട് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകി. തുടർന്നുള്ള ദിവസങ്ങളിൽ രണ്ടു പേരെ വീതം ചോദ്യം ചെയ്യാനാണ് തീരുമാനം. ഈ ഭരണസമിതിക്ക് ശേഷമുള്ളവരെയും ചോദ്യം ചെയ്യും.
നേരത്തെ അറസ്‌റ്റിലായ എച്ച്.ടു.ഒ ഫ്‌ളാറ്റിന്റെ നിർമാതാക്കളായ ഹോളിഫെയ്‌ത്ത് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് ഡയറക്ടർ എറണാകുളം എളമക്കര കാട്രൂക്കുടിയിൽ സാനി ഫ്രാൻസിസ് (55), നിർമാണത്തിന് അനുമതി നൽകിയ കാലഘട്ടത്തിൽ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ആലപ്പുഴ ബസാർ പുളിങ്ങോട്ടിൽ മുഹമ്മദ് അഷ്‌റഫ് (59), ജൂനിയർ സൂപ്രണ്ടായിരുന്ന ചേർത്തല എഴുപുന്ന പുതുപ്പറമ്പിൽ പി.ഇ. ജോസഫ് (65) എന്നിവരെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് പൂർത്തിയാക്കി.
ഇവർക്കൊപ്പം പഞ്ചായത്തംഗങ്ങളും അഴിമതിക്ക് കൂട്ടുനിന്നുവോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഉദ്യോഗസ്ഥർ ചില മുൻ പഞ്ചായത്ത് അംഗങ്ങൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. പിന്നാലെ വന്ന ഭരണസമിതിയുടെ പങ്കും അന്വേഷണവിധേയമാണ്.