കൊച്ചി: നഗരം മുങ്ങിയ വെള്ളക്കെട്ട്, കോടതിയുടെ രൂക്ഷവിമർശനം, മുഖ്യമന്ത്രിയുടെ ഇടപെടൽ, മേയർക്കെതിരെ കിട്ടിയതെല്ലാം തങ്ങൾക്ക് അനുകൂലമാക്കാനൊരുങ്ങുകയാണ് എതിർപക്ഷം. ഇന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വന്നാൽ പിന്നെ മേയറെ കസേരയിൽ നിന്ന് താഴെയിറക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് ഫലം എന്തായാലും മേയറെ മാറ്റിയേ മതിയാവൂ എന്ന ആവശ്യം മുതിർന്ന നേതാക്കളുടെ മുമ്പിലെത്തിക്കഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനെയും മുതിർന്ന നേതാക്കളെയും അറിയിച്ചതായി വിമതപക്ഷത്തെ കൗൺസിലർ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിനത്തിലെ വെള്ളക്കെട്ടും കോർപ്പറേഷനെതിരെയുള്ള ഹൈക്കോടതി വിമർശനത്തെയും തുടർന്ന് മേയറെ പിന്താങ്ങിയിരുന്ന മുതിർന്ന നേതാക്കളും മൗനത്തിലായത് എതിർപക്ഷത്തിന്റെ കരുത്തുകൂട്ടി. തിരഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡെപ്യൂട്ടി മേയറുമായ ടി.ജെ.വിനോദ് പരാജയപ്പെട്ടാലും ഭൂരിപക്ഷം കുറഞ്ഞാലും മേയർ സമാധാനം പറയേണ്ടിവരുമെന്നാണ് എതിരാളികളുടെ വാദം.

# നേതൃത്വം വാക്കുപാലിക്കണം

മേയർ പദവിയിൽ രണ്ടര വർഷത്തിനു ശേഷം മാറ്റമുണ്ടാവുമെന്ന ധാരണയിലാണ് സൗമിനി സ്ഥാനമേറ്റതെന്ന് യു.ഡി.എഫിലെ ഒരു വിഭാഗം പറയുന്നു. എ വിഭാഗക്കാരിയായ ഷൈനി മാത്യുവിനെയാണ് സൗമിനിക്ക് ശേഷം ഈ നിശ്ചയിച്ചിരുന്നത്. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് സ്ഥാനം ഒഴിയാൻ മേയർ വിസമ്മതിച്ചു. നേതൃമാറ്റം അജണ്ടയിലില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചതോടെ സ്ഥാനമാറ്റ ചർച്ചകൾക്ക് താത്കാലിക വിരാമമായി.

# ഒന്നടങ്കം വിമർശിച്ച് കൗൺസിലർമാർ

കഴിഞ്ഞ മാസം മേയർക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതോടെ നാലു വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലനിൽക്കുന്ന യു.ഡി.എഫ് വീണ്ടും പ്രതിസന്ധിയിലായി. പാർലമെന്ററി പാർട്ടി യോഗത്തിൽ എ, ഐ ഭേദമില്ലാതെ ഭൂരിഭാഗം കൗൺസിലർമാരും മേയറെ വിമർശിച്ചു. കൗൺസിലർമാർ കാലു മാറുമെന്ന പ്രചരണം ശക്തമായതോടെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് കോൺഗ്രസ് നേതൃത്വം കൗൺസിലർമാർക്ക് വിപ്പു നൽകി അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു.

# ഷൈനി വരുന്നതിൽ അതൃപ്തി

ടി.ജെ.വിനോദ് വിജയിക്കുന്നപക്ഷം കെ.ആർ.പ്രേമകുമാർ ഡെപ്യൂട്ടി മേയർ സ്ഥാനത്തെത്താനാണ് സാദ്ധ്യത. ഇതോടൊപ്പം മേയർ സ്ഥാനത്തും മാറ്റം വരുത്തണമെന്നാണ് ഒരു വിഭാഗം കൗൺസിലർമാരുടെ ആവശ്യം. അതേസമയം ഷൈനി മാത്യുവിനെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയാണെങ്കിലും കൗൺസിൽ യോഗങ്ങളിൽ പൊതുവേ മൗനം പാലിക്കാറുള്ള ഷൈനി മേയർ പോലെ ഉത്തരവാദിത്വമുള്ള പദവിക്ക് അനുയോജ്യയാണോയെന്ന് ആശങ്കയുണ്ട്.

ടി.ജെ.വിനോദ് വിജയിക്കുന്ന പക്ഷം മുനിസിപ്പൽ നിയമപ്രകാരം ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി ഒഴിവ് നികത്തണം. എന്നാൽ നിലവിലുള്ള കൗൺസിലിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രമുള്ളതിനാൽ എം.എൽ.എ ആയാലും ഓണറേറിയം വാങ്ങാതെ അദ്ദേഹത്തിന് കൗൺസിലർ സ്ഥാനത്ത് തുടരാം. കൗൺസിലർ സ്ഥാനം നിലനിർത്തി എൻ.വേണുഗോപാൽ ജി.സി.ഡി.എ ചെയമാൻ പദവി വഹിച്ചത് ഇതിനുദാഹരണം.