കൊച്ചി: ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് മാരക രാസലഹരി കടത്താൻ ഇടനിലക്കാർ ഉപയോഗിക്കുന്നത് പോത്തുകളെ! ബംഗാൾ അതിർത്തിയോട് ചേർന്ന ജലംഗി കേന്ദ്രീകരിച്ചാണ് കോടികളുടെ ലഹരിക്കടത്ത്. കാലി മേയ്ക്കാനെന്ന വ്യാജേന ഇന്ത്യൻ അതിർത്തിയിൽ നിന്നും പോത്തുകളെ ബംഗ്ലാദേശിൽ എത്തിക്കുകയാണ് ആദ്യ ഘട്ടം. പോത്തുകളുടെ ദേഹത്ത് ലഹരി പൊതികൾ പതിപ്പിച്ച് വൈകിട്ട് തിരികെ കൊണ്ടുവരികയാണ് ചെയ്യുന്നത്. പ്രതിദിനം ആയിരത്തിലധികം പോത്തുകളെയാണ് ഇത്തരത്തിൽ ലഹരി കടത്തിന് ഉപയോഗിക്കുന്നത്. സന്ധ്യയായാൽ പോത്തുകളുടെ ശരീരത്തിൽ ലഹരിപ്പൊതികൾ പതിപ്പിച്ചാണ് കടത്ത്. രാത്രിയായതുകൊണ്ട് പെട്ടെന്ന് ഇത് തിരിച്ചറിയാനും കഴിയില്ല. ഇങ്ങനെ കടത്തുന്ന ലഹരിവസ്തുക്കളാണ് കേരളത്തിലേക്ക് ഉൾപ്പെടെ എത്തിക്കുന്നത്.
അന്താരാഷ്ട്ര ലഹരി മാർക്കറ്റിൽ കോടികൾ വിലമതിക്കുന്ന രാസലഹരികൾക്ക് ബംഗ്ലാദേശിൽ തുച്ഛമായ നിരക്കേയുള്ളൂ. കഴിഞ്ഞ ദിവസം ആലുവയിൽ, ചൈനാ വൈറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഇംദാദുൽ ബിശ്വാസ് എന്നയാളെ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് അതിർത്തിയിലെ ഞെട്ടിപ്പിക്കുന്ന ലഹരി കടത്ത് വിവരങ്ങൾ എക്‌സൈസിന് ലഭിച്ചത്. എക്സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ സിയാദ്, എക്‌സൈസ് ഡ്രൈവർ സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
രഹസ്യകേന്ദ്രങ്ങൾ
പോത്തുകളെ ഉപയോഗിച്ച് കടത്തിക്കൊണ്ടുവരുന്ന ലഹരി മരുന്നുകൾ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഇവ വീര്യത്തിന്റെ അനുപാതത്തിൽ തരം തിരിക്കും. ലഹരി സംഘത്തിലുള്ള കെമിസ്റ്റുകളാണ് ഈ ജോലി ചെയ്യുന്നത്. തുടർന്ന് പശ്ചിമബംഗാൾ സ്വദേശികളായ ഇടനിലക്കാർ വഴി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കും. പ്രധാനമായും റേവ് പാർട്ടികൾ നടത്തുന്ന ഇടപടുകാർക്കാണ് ലഹരി കൈമാറുന്നത്. ഇംദാദുൽ ബിശ്വാസിൽ നിന്നും 6 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. 2 മില്ലി ഗ്രാം ഹെറോയിൻ അടങ്ങുന്ന പാക്കറ്റ് 2000 രൂപ നിരക്കിൽ ആലുവ, മാറമ്പിള്ളി ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പന നടത്തിവന്നിരുന്നതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇംദാദുൽ. ഇയാൾ നേരത്തെയും കൊച്ചിയിൽ ഹെറോയിൻ എത്തിച്ചിട്ടുണ്ട്. അടിവസ്ത്രത്തിൽ പ്രത്യേക അറ തയാറാക്കിയാണ് ഇത്തരം സംഘങ്ങൾ ലഹരി കടത്തുന്നത്. ഇംദാദുലും ഈ രീതി തന്നെയാണ് സ്വീകരിച്ചിരുന്നത്.
പാസ് മറയാക്കും
ജലംഗി, ബ്രഹ്മപുത്രയുടെ കൈവഴിയായ പത്മ നദീതീര ഗ്രാമം. പത്മാ നദിക്ക് അക്കരെ ബംഗ്ലാദേശാണ്. ജലംഗിയിലെ ഭൂരിഭാഗം ജനങ്ങളും ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. അധികവും കർഷകർ. ജലംഗി നിവാസികളുടെ ബന്ധുക്കൾ ഏറെയും ബംഗ്ലാദേശിലാണ്. പ്രത്യേക അനുമതിയോടെ ഇവർക്ക് ബംഗ്ലാദേശിലേക്ക് പോകാം. സാധാരണ ശൈത്യകാലത്താണ് ഇവിടത്തുകാർ ബന്ധുക്കളെ കാണാൻ ബംഗ്ലാദേശിലേക്ക് പോകുന്നത്. ഈ സമയം പത്മ നദിയിൽ വെള്ളം തീരെ കുറവായിരിക്കും. എന്നാൽ, ക്ഷീരകർഷകർ പതിവായി പോത്തുകളെയടക്കം നദിക്ക് അക്കരെ എത്തിച്ചാണ് മേയ്ക്കുന്നത്. ഇതിന് പ്രത്യേകം പാസ് അനുവദിച്ചിട്ടുണ്ട്. ഈ പാസിന്റെ മറവിലാണ് ചിലർ ലഹരി കടത്തുന്നത്.
ചൈനാ വൈറ്റ് കൊലകൊല്ലി
വീര്യം കൂടിയ ഹെറോയിനാണ് ചൈനാ വൈറ്റ്. ഒരു നുള്ള് ഉപയോഗിച്ചാൽ 48മണിക്കൂർ വരെ ലഹരി നീണ്ടു നിൽക്കും. ഗ്രാം നിരക്കിലാണ് ചൈനാ വൈറ്റ് വില്പന. ചൈനാ വൈറ്റിന്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുന്നതിനൊപ്പം ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കും. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെടാനും മരണം തന്നെ സംഭവിക്കാനും ഇവ ഇടയാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ ഇനത്തിലെ 5 ഗ്രാം മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്.