കോലഞ്ചേരി: കോട്ടൂർ കുറ്റ്യാറച്ചിറയിലുള്ള നിരപ്പാമല കുടിവെള്ള പദ്ധതിയുടെ വെള്ളം പമ്പുചെയ്യുന്ന കിണറ്റിലേക്ക് മലിനജലം ഒഴുകിയെത്തുന്നു. ചിറയ്ക്ക് സമീപത്തുകൂടി ഒഴുകുന്ന കാനയുടെ സംരക്ഷണഭിത്തി തകർന്നതോടെയാണ് കാനയിലെ മലിനജലം കിണറിലേക്കെത്തുന്നത്. മഴ കനത്തതോടെ കാര്യങ്ങൾ കൂടുതൽ ശോചനീയമായി. കാനയിൽ മണ്ണുനിറഞ്ഞ് വെള്ളം റോഡിലൂടെയാണ് ഒഴുകിയിരുന്നത്. നിരവധി തവണ പരാതി പറഞ്ഞെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. 6 മാസം മുമ്പ് സംരക്ഷണഭിത്തിയുടെ ഒരുഭാഗം പൊളിഞ്ഞിരുന്നു. ചാക്കിൽ മണ്ണുനിറച്ച് താത്കാലിക തടയണ ഉണ്ടാക്കിയാണ് അന്ന് കിണറിലേയ്ക്കുള്ള മലിനജലത്തിന്റെ ഒഴുക്ക് തടഞ്ഞതെന്ന് സമീപവാസിയായ പൗലോസ്‌കുട്ടി പറഞ്ഞു.
പൂത്തൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളി, കിങ്ങിണിമറ്റം, തോന്നിക്ക, പാറേക്കാട്ടി കവല, നിരപ്പാമല ഭാഗത്തുള്ള ആയിരത്തോളം കുടുംബങ്ങളാണ് വെള്ളം ഉപയോഗിക്കുന്നത്. നിരപ്പാമലയിലെ നൂറിലേറെ വീടുകളിലേക്ക് നേരിട്ട് കുടിവെള്ളമെത്തിക്കുന്നത് ഈ ടാങ്കിൽ നിന്നാണ്. ഇതിനുപുറമേയാണ് പൊതുടാപ്പുകൾ. ലക്ഷംവീട് കോളനി ഭാഗത്തുനിന്നുള്ള മലിനജലമാണ് കുടിവെള്ള പദ്ധതിയിലെ കിണറിലേക്ക് ഒഴുകിയെത്തുന്നത്. ശൗചാലയ മാലിന്യവും പ്ളാസ്റ്റിക് മാലിന്യങ്ങളും സംരക്ഷണഭിത്തി പോയതോടെ നേരിട്ട് കിണറിലേക്ക് വീഴുന്നുണ്ട്.
# പ്രശ്നം പരിഹരിക്കണം
വാട്ടർ അതോറിറ്റിയിൽ പരാതിപ്പെട്ടു. സംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ നടപടിയായില്ല. ശുദ്ധജലത്തിൽ മാലിന്യം കലരുന്നത് തടയാൻ നടപടി സ്വീകരിക്കണം.
രാജൻ കൂണാലിൽ
കോൺഗ്രസ് മണ്ഡലം സെക്രട്ടറി
# സംരക്ഷണഭിത്തി പുനർ നിർമ്മിക്കും
വഴി വെട്ടിയപ്പോഴാണ് കാന ഇടിഞ്ഞത്. ഇടിഞ്ഞ കാനപുനർ നിർമ്മിക്കാൻ ടെൻഡർ നടപടികളായിട്ടുണ്ട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാലാണ് ടെൻഡർ നൽകാത്തത്. പെരുമാറ്റച്ചട്ടം മാറുന്നതോടെ ടെൻഡർ നല്കി കാനയുടെ സംരക്ഷണഭിത്തി പുനർ നിർമ്മിക്കും.
പി.ജെ കുര്യാച്ചൻ,
പഞ്ചായത്തംഗം
# വിതരണം ചെയ്യുന്നത്
ശുദ്ധജലം
കുറ്റ്യാറച്ചിറയിൽ പമ്പിംഗിനായി പ്രത്യേക കിണറുണ്ട്. മഴവെള്ളം കുത്തിയൊലിച്ച് ചിറയിൽ വീണാലും പമ്പിംഗ് നടത്തുന്ന കിണറിലേക്ക് നേരിട്ട് കലരുന്നില്ല. ചിറയിൽ നിന്നുമുള്ള ഉറവ വഴിയാണ് കിണറിലേയ്ക്ക് വെള്ളമെത്തുന്നത്. കിണറിൽ നിന്ന് സൂപ്പർ ക്ളോറിനേഷൻ ചെയ്താണ് വെള്ളം പമ്പു ചെയ്യുന്നത്. കിണർവെള്ളമെടുത്ത് പരിശോധിച്ചതിൽ കോളിഫാം ബാക്ടീരിയ ഇല്ലെന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ശുദ്ധജലമാണ് വിതരണം ചെയ്യുന്നത്.
രതീഷ്‌കുമാർ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ
വാട്ടർ അതോറിറ്റി ചൂണ്ടി സെക്ഷൻ