കൊച്ചി: സുപ്രീംകോടതി പൊളിക്കാൻ നിർദ്ദേശിച്ച മരടിലെ ആൽഫാ സെറീൻ ഫ്ളാറ്റിന്റെ നിർമ്മാതാക്കളായ ആൽഫാ വെഞ്ചേഴ്സ് ഡയറക്‌ടർ പോൾ രാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി.
ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. പോളിനെ അടുത്തമാസം അഞ്ചു വരെ റിമാൻഡ് ചെയ്‌ത് മൂവാറ്റുപുഴ സബ് ജയിലിലേക്കയച്ചു. ഇയാളെ കസ്‌റ്റഡിയിൽ വാങ്ങാൻ അടുത്ത ദിവസം ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും. എച്ച് ടു ഒ ഫ്‌ളാറ്റിന്റെ നിർമാതാക്കളായ ഹോളിഫെയ്‌ത്ത് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് ഡയറക്ടർ എറണാകുളം എളമക്കര കാട്രൂക്കുടിയിൽ സാനി ഫ്രാൻസിസ് (55), നിർമാണത്തിന് അനുമതി നൽകിയ കാലഘട്ടത്തിൽ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ആലപ്പുഴ ബസാർ പുളിങ്ങോട്ടിൽ മുഹമ്മദ് അഷ്‌റഫ് (59), ജൂനിയർ സൂപ്രണ്ടായിരുന്ന ചേർത്തല എഴുപുന്ന പുതുപ്പറമ്പിൽ പി.ഇ. ജോസഫ് (65) എന്നിവർ നേരത്തേ അറസ്‌റ്റിലായിരുന്നു.
തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റുകൾക്ക് നിർമ്മാണാനുമതി നൽകിയ 2006 ഭരണകാലത്ത് മരട് പഞ്ചായത്ത് അംഗങ്ങളായിരുന്ന രാജു, ഭാസ്‌കരൻ എന്നിവരിൽ നിന്ന് ഇന്നലെ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പല ചോദ്യങ്ങൾക്കും ഓർമ്മയില്ലെന്നായിരുന്നു ഇവരുടെ മറുപടി. അടുത്ത ദിവസങ്ങളിൽ മറ്റ് അംഗങ്ങളിൽ നിന്ന് മൊഴിയെടുക്കും.