കോലഞ്ചേരി: കോലഞ്ചേരി എക്സ്ചേഞ്ചിനു കീഴിൽ ബി.എസ്.എൻ.എൽ ലാൻഡ്ഫോൺ പരിധിക്ക് പുറത്താണ്. ഇടയ്ക്കിടെ വരും. വന്നതുപോലെ പോകും. ഒളിച്ചുകളിയിൽ ഉപഭോക്താക്കളും മടുത്തു. ഫോൺ കേടായതായി പരാതി നൽകിയാൽ പരാതി പരിഹരിക്കാതെ പരിഹരിച്ചതായി കാണിച്ച് മേസേജുമെത്തും. ഇത്തരം മെസേജുകൾ ലഭിച്ച് വീണ്ടും പരാതിപ്പെട്ടാലും നിരാശയാണ് ഫലം. കഴിഞ്ഞ മൂന്നുമാസമായി ഇതാണ് സ്ഥിതി.

# കൃത്യമായെത്തും ബിൽ

ടെലിഫോൺ വാടക മുൻകൂട്ടി അടച്ചവർക്കാണ് ഏറെ ബുദ്ധിമുട്ട്. വിളിച്ചാലും വിളിച്ചില്ലേലും മാസാമാസം ബില്ല് കൃത്യമായി വരുന്നുണ്ട്. ഇന്റർനെറ്റ് ഉപയോഗത്തിനായാണ് പലരും ഫോണെടുത്തത്. കേബിൾ തകരാറാണ് പ്രശ്നമെന്നാണ് ജീവനക്കാർ പറയുന്നത്. തകരാർ പരിഹരിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് ഉപഭോക്താക്കൾ. കോലഞ്ചേരിയിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ അറിയാതെ നൽകിയ പരാതി പരിഹരിച്ചതായ തെറ്റായസന്ദേശം എങ്ങിനെ എത്തുമെന്നാണ് പരാതിക്കാരുടെ ചോദ്യം. പലരും തങ്ങളുടെ ഫോൺ നമ്പർ നഷ്ടപ്പെടാതിരിക്കാൻ 'സേഫ് കസ്റ്റഡി ' യിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ്. ചെറിയനിരക്ക് ഈടാക്കി ഡിപ്പാർട്ട്മെന്റ് തന്നെ ഫോൺ സൂക്ഷിക്കുന്ന പദ്ധതിയാണിത്.