chettikadu-kunjithi-kadav
കുഞ്ഞിത്തൈ - ചെട്ടിക്കാട് കടത്ത്

#ചെട്ടിക്കാട് - കുഞ്ഞിത്തൈ, വാവക്കാട് - കൊട്ടുവള്ളിക്കാട് പാലങ്ങൾക്കായി​ കാത്തി​രി​പ്പ്

പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ചെട്ടിക്കാട്-കുഞ്ഞിത്തൈ, വാവക്കാട് - കൊട്ടുവള്ളിക്കാട് പാലങ്ങളുടെ നിർമാണം നീളുന്നു. വടക്കേക്കര പഞ്ചായത്തിനെ രണ്ടാക്കി നിറുത്തുന്ന പുഴയ്ക്ക് കുറകെ പാലങ്ങൾ എന്നത് പ്രദേശവാസികളുടെ സ്വപ്നമാണ്. പതിറ്റാണ്ടുകളായി പുഴ കടക്കാൻ കടത്തുവള്ളമാണ് ഏകമാർഗം.

2011ൽ എസ്. ശർമ വൈദ്യുതി മന്ത്രിയായിരിക്കെയാണ് പാലത്തിന് ശി​ലയി​ട്ടത്. എട്ടുവർഷം പിന്നിട്ടിട്ടും ഇരു പാലങ്ങളുടെയും നിർമാണം തുടങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല. പാലങ്ങളുടെ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാതെയായിരുന്നു തറക്കല്ലിടൽ. അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി വൈകിയതോടെ പാലം പണിക്കായി അനുവദിച്ച ഫണ്ട് ലാപ്സായി. 2016ൽ എൽ.ഡി.എഫ് മന്ത്രിസഭ വീണ്ടും അധികാരത്തിൽ വന്ന് മൂന്ന് വർഷമായിട്ടും പാലംപണിക്ക് അനക്കമി​ല്ല. വടക്കേക്കര പഞ്ചായത്ത് രണ്ട് തവണ പാലം പണിക്ക് ഫണ്ട് അനുവദിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. മാസങ്ങൾക്ക് മുമ്പ് ജനകീയ സമരസമിതി നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ജില്ലാ കളക്ടർ അപ്രോച്ച് റോഡുകളുടെ സ്ഥലമെടുപ്പിനായി നടപടികൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ ജൂലായ് രണ്ടിന് സ്ഥലം പൊന്നുംവിലക്ക് എടുക്കുന്നതായി കാണിച്ച് കളക്ടർ വിജ്ഞാപനമിറക്കി. അതിന് ശേഷവും മറ്റു നടപടികൾ വൈകുകയാണ്. 2013 ൽ പൂർത്തിയാക്കേണ്ടതായിരുന്നു പാലങ്ങളുടെ നിർമ്മാണം.

പാലങ്ങളുടെ നിർമാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയത് ഹാർബർ എൻജിനി​യറിംഗ് വകുപ്പാണ്.

# നടപടികൾക്ക് തുടക്കം

അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന്ന് 2012 ലെ കേന്ദ്ര നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. 2019 ജൂലായ് 23 ലെ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ പത്തിന് 19-ാം വാർഡ് ഗ്രാമസഭയും, പന്ത്രണ്ടിന് 18-ാം വാർഡ് ഗ്രാമസഭയും വിജ്ഞാപനം അംഗീകരിച്ചു. ആലുവ ലാൻഡ് അക്വി​സി​ഷൻ തഹസിൽദാരുടെ നേതൃത്വത്തിൽ സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിവേഗം പുരോഗമിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ ഡിസംബറോടെ പൂർത്തീകരിക്കാനാകും.

കെ.എം. അംബ്രോസ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്