കൊച്ചി: പാലാരിവട്ടം ഫ്ലൈ ഓവർ പൊളിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഐ.ഐ.ടി റിപ്പോർട്ട്, അതിന്മേൽ ഡോ. ഇ. ശ്രീധരന്റെ റിപ്പോർട്ട്, ആർ.ഡി.എസ് കമ്പനി സമർപ്പിച്ച നിവേദനം എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മരാമത്ത് ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയറെ കൺവീനറാക്കി മൂന്നംഗ സമിതിയെ മന്ത്രിയുടെ നിദേശപ്രകാരം നിയോഗിച്ചിരുന്നു. ഒക്ടോബർ നാലിനകം റിപ്പോർട്ട് വരും മുമ്പേ പാലം പൊളിച്ചുപണിയുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് അസോസിയേഷൻ ആരോപിച്ചു.
ചെറുകിട മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കരാറുകാർ നടത്തുന്ന കാൽനട ജാഥയുടേയും ജനസമ്പർക്ക പരിപാടിയുടേയും സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് ആലപ്പുഴ കലക്ട്രേറ്റ് പടിക്കൽ നടക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പത്രസമ്മേളത്തിൽ അറിയിച്ചു.