കൊച്ചി : ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി വീണ്ടും തർക്കം. കെ. മുഹമ്മദ്കുട്ടിയെ മാറ്റി കെ.എം. ഉമ്മറിനെ ജില്ലാ പ്രസിഡന്റാക്കിയെന്ന് ഒരു വിഭാഗവും അങ്ങിനെ ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റും പറയുന്നു.
കെ. മുഹമ്മദ് കുട്ടിയെ സംസ്ഥാന നേതൃത്വത്തിലേയ്ക്ക് മാറ്റി കാക്കനാട് ഏരിയാ പ്രസിഡന്റ് കെ.എം. ഉമ്മറിനെ ജില്ലാ പ്രസിഡന്റായി അഖിലേന്ത്യാ പ്രസിഡന്റ് സഞ്ജീവറെഢി നിയമിച്ചെന്നാണ് മറുവിഭാഗത്തിന്റെ വാദം.സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് അഖിലേന്ത്യാ പ്രസിഡന്റ് നൽകിയ കത്ത് തെളിവായി നൽകുന്നു.
കെ. മുഹമ്മദ് കുട്ടി തന്നെയാണ് ജില്ലാ പ്രസിഡന്റെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ കേരളകൗമുദിയോട് പറഞ്ഞു. ഉമ്മറിനെ ജില്ലാ പ്രസിഡന്റാക്കാനും മുഹമ്മദ് കുട്ടിയ്ക്ക് സംസ്ഥാന തേതൃത്വത്തിൽ സ്ഥാനം നൽകാനും മാത്രമാണ് അഖിലേന്ത്യാ പ്രസിഡന്റ് കത്തിൽ പറയുന്നത്. ജില്ലാ പ്രസിഡന്റിനെ താൻ മാറ്റിയിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
താൻ തന്നെയാണ് ജില്ലാ പ്രസിഡന്റെന്ന് കെ. മുഹമ്മദ് കുട്ടിയും വ്യക്തമാക്കി. 2016 ലാണ് താൻ തിരഞ്ഞെടുക്കപ്പെട്ടത്.
അഖിലേന്ത്യാ സെക്രട്ടറി കെ.പി. ഹരിദാസ് നേതൃത്വം നൽകുന്ന എറണാകുളം ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയനുമായി ബന്ധപ്പെട്ട തർക്കമാണ് പുതിയ വിവാദത്തിന് പിന്നിൽ. വ്യാജ യൂണിയനാണ് ഇതെന്നാണ് ഐ.എൻ.ടി.യു.സി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
വോട്ടെടുപ്പിലൂടെ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കാൻ നടപടികൾ ആരംഭിച്ചതിനിടയിലാണ് പുതിയ തർക്കം. ജനുവരിയിൽ വോട്ടിംഗ് വഴി ജില്ലാ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചിരുന്നു. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് രംഗരാജനാണ് വരണാധികാരി. അഫിലിയേറ്റ് ചെയ്ത 99 യൂണിയനുകളുടെ പ്രതിനിധികളെ നിശ്ചയിക്കുന്നതുൾപ്പെടെ നടപടികളും ആരംഭിച്ചിരുന്നു.