kcohi-drainage-problem

വെള്ളക്കെട്ട് പരിഹരിച്ചതിന് സർക്കാരിന് അഭിനന്ദനം

കൊച്ചി : എറണാകുളം നഗരം വെള്ളക്കെട്ടിൽ മുങ്ങിയതിൽ കൊച്ചി നഗരസഭയെ വീണ്ടും രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ശാശ്വത പരിഹാരത്തിനായി ജില്ലാ കളക്ടർ കൺവീനറായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. പത്തു ദിവസത്തിനകം ഇതിന്റെ ഉത്തരവിറക്കണം.

ചീഫ് സെക്രട്ടറിയോ തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ സംഘത്തിൽ അംഗമായിരിക്കണം. നഗരസഭാ സെക്രട്ടറിക്കു പുറമേ ഫയർ ഫോഴ്സ്, വാട്ടർ അതോറിട്ടി, റെയിൽവേ, കൊച്ചി മെട്രോ, സിയാൽ, പോർട്ട് ട്രസ്റ്റ്, കെ.എസ്.ഇ.ബി തുടങ്ങിയവയുടെ പ്രതിനിധികളും സംഘത്തിൽ ഉണ്ടാകണം. വിവിധ വകുപ്പുകളുടെ ഏകോപനം കളക്ടർ നിർവഹിക്കണം. ദൗത്യ സംഘത്തെ വിപുലീകരിക്കുന്നതിനും ഫണ്ട് അനുവദിക്കുന്നതിനും സർക്കാരിന് തീരുമാനമെടുക്കാം.

വെള്ളക്കെട്ട് നേരിടുന്നതിൽ നഗരസഭ പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രി ഇടപെട്ട് നാലു മണിക്കൂർ കൊണ്ട് പ്രശ്നം പരിഹരിച്ചെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾ ബെഞ്ച് സർക്കാരിനെ അഭിനന്ദിച്ചു. ജില്ലാ കളക്ടർ, പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, കെ.എസ്.ഇ.ബി തുടങ്ങിയവർ അവസരത്തിനൊത്തുയർന്നെന്നും അഭിപ്രായപ്പെട്ടു.

നഗരസഭ പൂർണ പരാജയം

നഗരസഭ പിരിച്ചു വിടണമെന്നു പറയുന്നതാണ് പുതിയ ട്രെൻഡെന്നും കഴിഞ്ഞ പ്രളയത്തെ തുടർന്ന് സർക്കാരിനെ പിരിച്ചു വിടണമെന്ന ആവശ്യം ഉയർന്നില്ലെന്നും ഹർജി പരിഗണിക്കവെ നഗരസഭയുടെ അഭിഭാഷകൻ പറഞ്ഞു. പ്രതീക്ഷിക്കാത്ത മഴയാണ് ഉണ്ടായത്. വേലിയേറ്റമായിരുന്നതിനാൽ വെള്ളം ഒഴുകിപ്പോയില്ലെന്നും അഭിഭാഷകൻ വാദിച്ചു.

ശാസ്ത്രീയ രേഖകളില്ലാതെ ഇതു പറയരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. വെള്ളം കായലിലേക്ക് ഒഴുകിപ്പോയില്ല.

ഓപ്പറേഷൻ ബ്രേക് ത്രൂവിലൂടെ മൂന്നു നാലു മണിക്കൂർ കൊണ്ട് വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചല്ലോ ? നഗരസഭയുടെ തൊടുന്യായങ്ങൾ കേൾക്കേണ്ട. നടപടിയാണ് ആവശ്യം. മുനിസിപ്പാലിറ്റി ആക്ടിലെ 64 - ാം വ്യവസ്ഥ പ്രകാരം സർക്കാരിന് നഗരസഭയെ പിരിച്ചു വിടാനാകുമെന്ന മുന്നറിയിപ്പാണ് നൽകിയത്. ജനങ്ങൾക്കു വേണ്ടിയാണ് കോടതി ഇതു പറയുന്നത്.

നഗരസഭ പൂർണമായും പരാജയപ്പെട്ടു. നൂറു കണക്കിനാളുകളാണ് ദുരിതത്തിലായത്. കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറിയതോടെ പലഭാഗങ്ങളിലും ജനങ്ങൾ മണിക്കൂറുകളോളം ഇരുട്ടിലായി. നഗരസഭയ്‌ക്ക് ഒറ്റയ്‌ക്ക് ചെയ്യാനാവില്ലെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെയോ സർക്കാരിന്റെയോ സഹായം തേടണമായിരുന്നു. അതുണ്ടായില്ല. മുഖ്യമന്ത്രി ഇടപെട്ട് നാലു മണിക്കൂർ കൊണ്ട് പ്രശ്നം പരിഹരിച്ചു.

2018 ൽ ഈ കേസിൽ ഒമ്പതു മാസം കൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് സത്യവാങ്മൂലം നഗരസഭ നൽകിയിരുന്നു. ഒന്നുമുണ്ടായില്ല - ഹൈക്കോടതി വാക്കാൽ പറഞ്ഞു.

ബുദ്ധിമുട്ട് നേരിൽ കണ്ടു:

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളത്ത് വെള്ളക്കെട്ടിൽ മുങ്ങിയ പ്രദേശങ്ങൾ നേരിൽ കാണാൻ പോയിരുന്നെന്ന് സിംഗിൾബെഞ്ച് ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ബഹളവും കോലാഹലവും ഇല്ലാതെയാണ് പോയത്. ജനങ്ങളുടെ ബുദ്ധിമുട്ട് നേരിൽ കണ്ടശേഷമാണ് ഇവിടെ വന്നിരുന്ന് പറയുന്നതെന്നും ഹൈക്കോടതി പരിധി വിടുന്നു എന്ന വിമർശനങ്ങൾ അറിയുന്നുണ്ടെന്നും കോടതി വാക്കാൽ പറഞ്ഞു.