drainage-systam

കാനകളുടെ രൂപരേഖയില്ലെന്ന് അമിക്കസ് ക്യൂറി

കൊച്ചി : വെള്ളക്കെട്ട് പരിഹരിക്കാൻ കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്ന് അഡ്വക്കേറ്റ് ജനറലും നഗരത്തിലെ കാനകളുടെ രൂപരേഖ ലഭ്യമല്ലെന്ന് അമിക്കസ് ക്യൂറിയും ഇന്നലെ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജിയിൽ സിംഗിൾബെഞ്ച് വാദം കേൾക്കുന്നതിനിടെയാണ് ഇത്.

നഗരം വെള്ളത്തിലായ ദിവസം വൈകുന്നേരം നാലു മണിവരെ നഗരസഭ ഒന്നും ചെയ്തില്ലെന്ന് സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു. കളക്ടർ നഗരസഭയുടെ പ്രതികരണം തേടിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുത്തത്. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും എ.ജി വ്യക്തമാക്കി.

മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും നടപടിയെടുത്തില്ലെന്ന് നഗരസഭയെ കുറ്റപ്പെടുത്തിയ ഹൈക്കോടതി ജില്ലാ ഭരണകൂടം ഇടപെട്ടില്ലെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് ആരാഞ്ഞു.

നഗരത്തിലെ കാനകളുടെ രൂപരേഖ ലഭ്യമല്ലെന്നും കാനകളിലെ ഒഴുക്ക് എങ്ങോട്ടാണെന്നു വ്യക്തമല്ലെന്നും കേസിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. സുനിൽ ജോസ് വ്യക്തമാക്കി.

 കാനശുചീകരണം നടത്തുന്നുണ്ടെന്ന് നഗരസഭ

എല്ലാ വർഷവും കാനകൾ ശുചിയാക്കുന്നുണ്ടെന്നും ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാക്കാൻ വേലി കെട്ടുകയാണെന്നും നഗരസഭയുടെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ വേലി കെട്ടുന്നതുകൊണ്ട് മാലിന്യം തടയാനാവുമോ എന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു.

കനാലുകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ സർവേ പൂർത്തിയാക്കണമെന്നും അതിനുശേഷം കനാലുകൾ വൃത്തിയാക്കുമെന്നും നഗരസഭ അറിയിച്ചു. കനാലുകൾ വൃത്തിയാക്കാൻ സർവേ റിപ്പോർട്ട് എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രതീക്ഷിച്ചതിലേറെ മഴയുണ്ടായതാണ് പ്രശ്ന കാരണം. സാദ്ധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നഗരസഭ വ്യക്തമാക്കി.

 സബ് സ്റ്റേഷൻ മുങ്ങിയത് കാനകളിലെ തടസം മൂലം : കെ.എസ്.ഇ.ബി

കലൂർ സബ് സ്റ്റേഷൻ മുങ്ങാനുള്ള കാരണം കാനകളിലെയും കനാലുകളിലെയും ഒഴുക്ക് തടസപ്പെട്ടതാണെന്ന് കെ.എസ്.ഇ.ബിയുടെ അഭിഭാഷകൻ വ്യക്തമാക്കി. സബ് സ്റ്റേഷനിൽ വെള്ളം കയറിയതിനെത്തുർടന്ന് വൈദ്യുതി വിതരണം തടസപ്പെട്ടു. 18,000 ത്തോളം വീടുകളിലും കൊച്ചി മെട്രോയ്ക്കും ഇവിടെ നിന്ന് കറന്റ് നൽകിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി വിശദീകരിച്ചു.