പള്ളുരുത്തി: കൊച്ചിൻ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി അഗതി മന്ദിരത്തിൽ കൂട്ട സ്ഥലമാറ്റം. കഴിഞ്ഞ 23 ന് അന്തേവാസിയായ യുവതിയുടെ അമ്മയെ ഇവിടത്തെ സൂപ്രണ്ട് മർദ്ദിച്ച സംഭവം സോഷ്യൽ മീഡിയ വഴി പുറത്ത് വന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.ഇതേ തുടർന്ന് സൂപ്രണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്തു. ആംബുലൻസ് വർഷങ്ങളായി കട്ടപ്പുറത്തായിട്ടും ഡ്രൈവർ മുടങ്ങാതെ ശമ്പളം പറ്റുന്ന വാർത്ത കേരളകൗമുദി നൽകിയതിനെ തുടർന്ന് കോർപ്പറേഷൻ സെക്രട്ടറി ഇയാളെ സസ്പെൻഡ് ചെയ്തു.തുടർന്ന് 3 വർഷം കഴിഞ്ഞ പലരും ഇവിടെ തന്നെ സർവീസ് തുടരുന്ന സാഹചര്യത്തിൽ വാർത്തയുടെ അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടറെയും 3 ജീവനക്കാരെയും കഴിഞ്ഞ ദിവസം കോർപ്പറേഷൻ സെക്രട്ടറി ഇവരെ സ്ഥലം മാറ്റി. പ്രശ്നങ്ങളെ തുടർന്ന് സംസ്ഥാന വനിതാ കമ്മിഷൻ സ്ഥലം സന്ദർശിച്ച് യുവതിയുടെയും അമ്മയുടെയും മൊഴിയെടുത്തു. ഇതിനെ തുടർന്ന് അഗതിമന്ദിരത്തിൽ പല ഭാഗങ്ങളിലും കാമറ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇവിടത്തെ അന്തേവാസികളുടെ നേരെ ജീവനക്കാർ അക്രമം നടത്തുന്നതായി നേരത്തെ തന്നെ വ്യാപക പരാതി നിലനിൽക്കുന്നുണ്ട്‌.കൂടാതെ ഇവിടെ സ്പോൺസർ ചെയ്യുന്ന നല്ല ഭക്ഷണങ്ങൾ അന്തേവാസികൾക്ക് നൽകാതെ ജീവനക്കാർ വീട്ടിലേക്ക് കൊണ്ടു പോകുന്നതായും വ്യാപക പരാതി ഉയർന്നിട്ടുണ്ട്. അക്രമത്തെ തുടർന്ന് ഇവിടത്തെ സത്രീ അന്തേവാസികൾ പലരും സമീപ പ്രദേശങ്ങളിലെ ഹോമുകളിലേക്ക് സ്ഥലം മാറിയിരിക്കുകയാണ്. സ്പോൺസൺ മാർ നൽകുന്ന വസ്ത്രങ്ങളും പുതപ്പുകളും മറ്റു സാമഗ്രികളും ഇവർക്ക് ലഭിക്കാറില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.