കോലഞ്ചേരി : കപ്പയ്ക്കും രാജയോഗം. നാട്ടിൽ വില കിലോ മുപ്പതു രൂപയാണെങ്കിൽ ഓൺലൈനിൽ മിനിമം 250 രൂപ.
കൃഷിയിടങ്ങളിൽ നിന്ന് കിലോയ്ക്ക് 20 - 22 രൂപയ്ക്കാണ് കച്ചവടക്കാർ കപ്പ വാങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം 10 -15 ആയിരുന്നു വില. വിലയിലെ ഉണർവ് കപ്പ കൃഷിക്കാർക്ക് വലിയ ആശ്വാസമാണ്. പ്രളയത്തിൽ കപ്പ കൃഷിക്കുണ്ടായ നാശമാണ് ഇപ്പോൾ വില ഉയർത്തിയത്. ഇനിയും വില ഉയരാനാണ് സാധ്യതയും.
മലയാളിയുടെ പ്രിയപ്പെട്ട കപ്പക്കിഴങ്ങ് പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിലും വിൽപനയ്‌ക്കെത്തി. പഞ്ച നക്ഷത്ര ഹോട്ടലുകളിൽ സൂപ്പർസ്റ്റാറായി വിലസിയ കപ്പ ആമസോണിലേയ്‌ക്കെത്തുമ്പോൾ വിലകേട്ടാൽ ഞെട്ടും. കിലോ 429 രൂപ, 14 % ഡിസ്‌കൗണ്ട് കഴിച്ച് 369 രൂപയ്ക്ക് വീട്ടിൽ കിട്ടും. ഡിസ്കൗണ്ട്കഴിഞ്ഞ് 250 രൂപയ്ക്കും ചില സൈറ്റുകളിൽ കപ്പയുണ്ട്. കർഷകന് 20-22 വരെ ലഭിക്കുമ്പോഴാണ് ആമസോണിലെ മറിമായം. വില വർദ്ധനവിന്റെ കാരണവും ആമസോൺ പറയും. കപ്പയ്ക്ക് വില 30 ആയിരിക്കും. പക്ഷേ ഡെലിവറിയ്ക്കുള്ള ചിലവും,പാക്കിങ്ങിനും കവറിന്റെ പ്രിന്റിങ്ങിനുമുള്ള ചിലവും അടക്കമാണീ വില. ശുദ്ധ കേരള ജൈവ കപ്പയാണെന്നും വാഗ്ദാനം. മറ്റ് ഉല്പന്നങ്ങളെ പോലെയല്ല. വിറ്റ കപ്പ ആമസോൺ തിരിച്ചെടുക്കില്ല.
കാർബോ ഹൈഡ്രേറ്റ്സ്, വൈറ്റമിൻസ്, മിനറൽസ് എന്നിവയാൽ സമ്പുഷ്ടമാണെന്നും കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉള്ളൂവെന്നുമൊക്കെയുള്ള വിവരങ്ങളും സൈറ്റിലുണ്ട്.
ചേനയ്ക്കും ചേമ്പിനും കാച്ചിലിനുമൊക്കെ ഇങ്ങിനെ എടുത്താൽ പൊങ്ങാത്ത വിലയിട്ട് ഓൺലൈനിൽ കച്ചവടം നടക്കുന്നുണ്ട്.