കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സി.ബി.ഐക്കു വിട്ട ഉത്തരവു പാലിക്കാത്ത ഡി.ജി.പിയുടെ നടപടിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഗുരുതരമായ അനാസ്ഥയുടെ പേരിൽ ഡി.ജി.പിയെ കോടതിയിലേക്ക് വിളിച്ചുവരുത്തേണ്ടി വരുമെന്ന് സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിൽ സെപ്തംബർ 30 നാണ് അന്വേഷണം സി.ബി.ഐക്കു വിട്ട് ഹൈക്കോടതി വിധി പറഞ്ഞത്. ഇതുവരെ കേസ് സി.ബി.ഐക്ക് കൈമാറുകയോ അവർ അന്വേഷണം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കൾ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി ഇപ്പോൾ പരിഗണിക്കുന്നത്.
ഹൈക്കോടതി വിധിയെ ഡി.ജി.പി അലസമായാണ് കണ്ടതെന്നും ദിവസങ്ങൾ കഴിയുന്തോറും തെളിവുകൾ നശിപ്പിക്കപ്പെടാനിടയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുകയോ വിധി നടപ്പാക്കാൻ കൂടുതൽ സമയം തേടുകയോ ചെയ്തിട്ടില്ല. അന്വേഷണം എത്രയും വേഗം സി.ബി.ഐ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് ഫയലിനായി ഒക്ടോബർ മൂന്നിന് ഡി.ജി.പിക്കും അഞ്ചിന് കാസർകോട് എസ്.പിക്കും കത്തു നൽകിയെന്ന് സി.ബി.ഐ അഭിഭാഷകനും,
സർക്കാരിന്റെ നിലപാട് അറിയിക്കാമെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. ഹർജി തിങ്കളാഴ്ചത്തേക്കു മാറ്റി.
സി.പി.എം പ്രവർത്തകർ പ്രതികളായ കേസിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ നൽകിയ കുറ്റപത്രം നീതിയുക്തമായ വിചാരണയ്ക്ക് സഹായിക്കില്ലെന്നു വ്യക്തമാക്കി, ഇതു റദ്ദാക്കിയാണ് അന്വേഷണം സി.ബി.ഐക്കു വിട്ടത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമെന്ന് എഫ്.ഐ.ആറിൽ പറഞ്ഞിട്ടുണ്ടെങ്കിലും വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു.പ്രതികൾ ഉപയോഗിച്ച ആയുധങ്ങളുടെ കാര്യത്തിൽ ഉൾപ്പെടെയുള്ള വൈരുദ്ധ്യങ്ങളും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.