കൊച്ചി : നടൻ ഷെയിൻ നിഗമും നിർമ്മാതാവ് ജോബി ജോർജ്ജും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. ഇന്നലെ കൊച്ചിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരത്തിൽ മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിലാണ് സമവായം.
പ്രശ്‌നം രമ്യമായി പരിഹരിച്ചെന്ന് ചർച്ചയ്ക്ക് ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ രഞ്ജിത്, ആന്റോ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഷെയിൻ നിഗം, ജോബി ജോർജ്, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വാർത്താസമ്മേളനം.
ജോബി ജോർജ്ജ് നിർമ്മിക്കുന്ന വെയിൽ എന്ന ചിത്രത്തിനായി ഷെയിനിന് കരാർ പ്രകാരമുള്ള 40 ലക്ഷം രൂപ തന്നെ കൊടുക്കും. ശേഷിക്കുന്ന 16 ലക്ഷം രൂപ ചിത്രീകരണ സമയത്തും ഡബ്ബിംഗ് സമയത്തുമായി നൽകും.
ജോബി ഷെയിനിന്റെ കുടുംബത്തിനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചതായും രഞ്ജിത് പറഞ്ഞു. ഷെയിൻ നിഗമിന്റെ മാതാവും ചർച്ചയിൽ പങ്കെടുത്തു.
ധാരണ പ്രകാരം ജോബിയുടെ രണ്ടാമത്തെ ചിത്രത്തിൽ നിന്ന് ഷെയിൻ പിന്മാറി. ഇപ്പോൾ അഭിനയിക്കുന്ന കുർബാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ 11ന് പൂർത്തിയാകും. 5 ദിവസത്തിന് ശേഷം15 ദിവസമാണ് വെയിലിൽ അഭിനയിക്കുക.