എറണാകുളം എം.എൽ.എയെ ഇന്നറിയാം
കൊച്ചി: എറണാകുളം ആർക്കൊപ്പം. യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയിൽ ഇടതുപക്ഷം ഇടിച്ചു കയറുമോ എന്ന ആകാംഷയാണ് മുന്നണികൾക്കുള്ളത്. വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞത് മുന്നണികളുടെ കണക്കുകൂട്ടൽ പാടെ തെറ്റിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്തരയോടെ ആരാകും എറണാകുളം എം.എൽ.എയെന്ന് അറിയാം.
വടുതല, ചിറ്റൂർ, ചേരാനെല്ലൂർ മേഖലകളിൽ പോളിംഗ് കാര്യമായി കുറയാത്തതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ഇവിടങ്ങളിൽ 3000 ത്തിലധികം വോട്ടുകളുടെ ലീഡ് ലഭിച്ചാൽ ടി.ജെ.വിനോദിന് വിജയം ഉറപ്പിക്കാമെന്നാണ് അവരുടെ പ്രതീക്ഷ. ഈ മേഖലകളിൽ ലീഡ് കുറഞ്ഞാൽ ഫിനീഷിംഗ് പോയിന്റിലേക്ക് കാര്യങ്ങൾ മാറിമറിയും. വോട്ടിംഗിന് തൊട്ടുമുമ്പ് 20,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യു.ഡി.എഫ് വിലയിരുത്തൽ. ഇപ്പോൾ പതിനായിരത്തിൽ താഴേക്ക് പോയി, കനത്ത മഴയിൽ ഉറപ്പായും ലഭിക്കേണ്ട 2500 വോട്ടുകൾ നഷ്‌ടപ്പെട്ടെങ്കിലും 2000 വോട്ടിനെങ്കിലും ഇടതു സ്വതന്ത്രൻ മനു റോയ് കടന്നു കയറാമെന്നാണ് എൽ.ഡി.എഫിന്റെ കണക്ക്. ബി.ജെ.പി സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ യു.ഡി.എഫിന്റെ നാലായിരത്തിലധികം വോട്ടുകൾ കൊണ്ടുപോകുമെന്നും കരുതുന്നു. ഈ ഘടകങ്ങൾ ശരിയായാൽ മറ്റൊരു അട്ടിമറി വിജയമാണ് എൽ.ഡി.എഫിന്റെ മനസിൽ. നഗരസഭയ്‌ക്കെതിരെയുള്ള ജനവികാരം വോട്ടായി മാറിയാൽ ഭൂരിപക്ഷം കൂടുമെന്നും അവർ പ്രതീക്ഷിക്കുന്നു. കലൂർ, ഗാന്ധിനഗർ, കമ്മട്ടിപ്പാടം എന്നിവടങ്ങളിലെ ഉറച്ച വോട്ടുകളാണ് എൽ.ഡി.എഫിന് നഷ്‌ടപ്പെട്ടത്. വീടുകളിൽ വെള്ളം കയറി തിരിച്ചറിയൽ കാർഡ് നഷ്‌ടപ്പെട്ടതാണ് പലർക്കും വോട്ടു ചെയ്യാനാകാതെ പോയത്,
135 ബൂത്തുകൾ
10 റൗണ്ടുകളിൽ വോട്ടെണ്ണൽ
ഒരു റൗണ്ടിൽ 14 ബൂത്തുകൾ
അവസാന റൗണ്ടിൽ ഒമ്പത് ബൂത്തുകൾ
14 വോട്ടെണ്ണൽ മേശകൾ
8.30 ന് ആദ്യ ഫല സൂചന
വോട്ടെണ്ണൽ മേശ
കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്‌റ്റന്റ്, മൈക്രോ നിരീക്ഷകൻ. ഇവരുടെ സാന്നിദ്ധ്യത്തിലാണ് ഓരോ മേശയിലും വോട്ടെണ്ണൽ.
6 പോസ്‌റ്റൽ വോട്ട്
ആറു പേരാണ് പോസ്‌റ്റൽ ബാലറ്റ് വാങ്ങിയത്. ഇതുവരെ ആരും മടക്കി നൽകിയിട്ടില്ല. വോട്ടെണ്ണലിന് ഒരു മണിക്കൂർ മുമ്പ് വരെ ബാലറ്റ് നൽകാം.
പോളിംഗ് 57.9 ശതമാനം
ആകെ വോട്ടർമാർ: 1,55,306
പോൾ ചെയ്‌തത്: 89,919 പേർ
വോട്ടെണ്ണൽ 8 മണിക്ക്
സ്ട്രോംഗ് റൂമുകളിൽ നിന്ന് വോട്ടെണ്ണൽ ഹാളിലേക്ക് വോട്ടിംഗ് മെഷീനുകൾ മാറ്റുന്നത് പൂർണമായും സി.സി.ടി വി. കാമറാ വലയത്തിലായിരിക്കും. ഇത് സ്ഥാനാർത്ഥികൾക്ക് കാണുന്നതിനുള്ള ഡിസ്‌പ്ളേ സൗകര്യവും ഏർപ്പെടുത്തും. റൗണ്ട് തിരിച്ചാണ് ഇ.വി.എമ്മുകൾ എത്തിക്കുന്നത്. എല്ലാ ടേബിളുകളിലും ഒരു റൗണ്ട് പൂർത്തിയാക്കിയ ശേഷമേ റൗണ്ട് പൂർണമായ ഇ.വി.എമ്മുകൾ സ്ട്രോംഗ് റൂമിലേക്ക് മടക്കി അയക്കുക. റൗണ്ടുകൾക്കിടയിൽ കൂടിച്ചേരൽ അനുവദിക്കില്ല. 20 കൗണ്ടിംഗ് സൂപ്പർവൈസർമാരെയും, 20 കൗണ്ടിംഗ് അസിസ്റ്റന്റുമാരെയും 20 മൈക്രോ ഒബ്സർവർമാരെയുമാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്.