കൊച്ചി : ഒന്നാം മാറാട് കലാപത്തിൽ പരീച്ചകന്റകത്ത് കുഞ്ഞിക്കോയ കൊല്ലപ്പെട്ട കേസിൽ തെക്കേത്തൊടി സുരേശൻ എന്ന ടി. സുരേഷ്, കോരന്റകത്ത് ബിവീഷ്, ചോയിച്ചന്റകത്ത് ബിജേഷ് എന്നീ പ്രതികൾക്ക് മാറാട് സ്‌പെഷ്യൽ കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷ ഹൈക്കോടതി ശരിവച്ചു. അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. അഞ്ചു പ്രതികളെ വെറുതേ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലും ഡിവിഷൻ ബെഞ്ച് തള്ളി.

2002 ജനുവരി മൂന്നിന് മാറാട് ജുമാ മസ്ജിദിനു സമീപത്തെ റോഡിൽ വച്ച് എട്ടു പ്രതികൾ ചേർന്ന് കുഞ്ഞിക്കോയയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ചുപേർ കൊല്ലപ്പെട്ട ഒന്നാം മാറാട് കലാപത്തിലെ ആദ്യ കൊലപാതകമായിരുന്നു ഇത്. ഇക്കേസിൽ മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച കോടതി മറ്റു പ്രതികളായ ശിവദാസൻ, അനു എന്ന അനിൽകുമാർ, മധു, സുബോധ്, പ്രജീഷ് എന്നിവരെ വെറുതേ വിട്ടിരുന്നു. തങ്ങൾക്കെതിരായ സാക്ഷിമൊഴികൾ അപൂർണമാണെന്നും വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ അപ്പീൽ നൽകിയത്.