ആലുവ: ആലുവ - മൂന്നാർ റോഡിൽ ആലുവ മുതൽ കോതമംഗലം വരെ നാല് വരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട് കിഫ്ബി - പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥർ ആലുവ ടൗൺ സന്ദർശിച്ചു. നാലുവരി ആരംഭിക്കുന്ന ആലുവ നഗരത്തിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംയുക്ത പരിശോധന.

ബൈപ്പാസ് കവല, പാലസ് റോഡ്, പമ്പ് കവല, സീനത്ത്, പവർഹൗസ്, ഗവ. ആശുപത്രി കവല, കാരോത്തുകുഴി, മാർക്കറ്റ്, പുളിഞ്ചോട് എന്നീ ഭാഗങ്ങൾ സന്ദർശിച്ചു. സംയുക്ത പരിശോധനയിൽ അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, വൈസ് ചെയർപേഴ്സൺ സി. ഓമന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെറോം മൈക്കിൾ, ലോലിത ശിവദാസൻ, ടിമ്മി ബേബി, വി. ചന്ദ്രൻ, ഓമന ഹരി എന്നിവർ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ആലുവയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടന്നു. മാർക്കറ്റ് ഭാഗത്ത് നിന്ന് അണ്ടർപാസേജ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റോഡും വികസിപ്പിക്കുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്.

ആലുവ - മൂന്നാർ റോഡിന് പുറമെ ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡും നാലുവരിപ്പാതയാക്കും.