കൊച്ചി : പി.എസ്.സി പരീക്ഷാ തട്ടിപ്പു നടത്താൻ ഉപയോഗിച്ച സ്മാർട്ട് വാച്ചും മൊബൈലും പുഴയിലെറിഞ്ഞു കളഞ്ഞതായി ഒന്നാം പ്രതി ശിവരഞ്ജിത്ത് കുറ്റസമ്മതം നടത്തിയെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ബോധിപ്പിച്ചു
. സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.പി. സുബിൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണിത്. ഹൈക്കോടതി നിർദ്ദേശമനുസരിച്ച് ഡിവൈ.എസ്.പി കെ. ഹരികൃഷ്ണനാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളും എസ്.എഫ്.ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവരും സഫീർ, ഗോകുൽ എന്നിവരുമാണ് കേസിലെ പ്രതികൾ. പരീക്ഷാ ദിവസം സഫീറിന്റെ മൊബൈൽ ഫോണിൽ നിന്ന് തന്റെ സ്മാർട്ട് വാച്ചിലേക്ക് എസ്.എം.എസ് മുഖേന ഉത്തരങ്ങൾ ലഭിച്ചെന്നാണ് ശിവരഞ്ജിത്തിന്റെ കുറ്റസമ്മതം. യൂണിവേഴ്സിറ്റി കോളേജിലെ മറ്റൊരു വിദ്യാർത്ഥിയായ അഖിലിനെ കുത്തിയ കേസിൽ മൂന്നാറിൽ ഒളിവിൽ കഴിഞ്ഞപ്പോഴാണ് സ്മാർട്ട് വാച്ചും മൊബൈലും പുഴയിൽ കളഞ്ഞതെന്നും ശിവരഞ്ജിത്ത് വെളിപ്പെടുത്തി. സമാനമായ രീതിയിൽ മറ്റു രണ്ടു പ്രതികളും സ്മാർട്ട് വാച്ചുകൾ നശിപ്പിച്ചതായി പറഞ്ഞിട്ടുണ്ട്. ഇവ വാങ്ങിയതെവിടെ നിന്നാണെന്നതടക്കമുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികൾ അഞ്ചു പേരും കസ്റ്റഡിയിലാണ്.
ശാസ്ത്രീയ പരിശോധനകളുടെ ഫലവും മൊബൈൽ സേവന ദാതാക്കളിൽ നിന്നുള്ള വിവരങ്ങളും ലഭിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.