കൊച്ചി : പുല്ലേപ്പടി കമ്മട്ടിപ്പാടത്ത് പറപ്പിള്ളി ജോണിന്റെ മകൻ റിസ്റ്റിയെ (10) അയൽവാസിയായ പ്രതി അജി ദേവസ്യ (43) കുത്തിക്കൊന്ന കേസിന്റെ വിചാരണ പൂർത്തിയായി. വെള്ളിയാഴ്ച കേസിൽ കോടതി വിധി പറയും.

പുല്ലേപ്പടി ചെറുകര ലെയിനിൽ 2016 ഏപ്രിൽ 26 നാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നിനടിമയായ അജി കുടുംബാംഗങ്ങളെ ആക്രമിക്കുമ്പോൾ രക്ഷക്കെത്തിയിരുന്നത് ജോണായിരുന്നു. ഭക്ഷണം കഴിക്കാൻ ഇയാൾക്ക് ജോൺ പണം നൽകാറുണ്ട്. ലഹരി മരുന്നു വാങ്ങാൻ പണം ചോദിച്ചിട്ട് ജോൺ നൽകാത്തതിലുള്ള വൈരാഗ്യം നിമിത്തം മകൻ റിസ്റ്റിയെ അജി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

റിസ്റ്റിയുടെ ആദ്യ കുർബാന സ്വീകരണച്ചടങ്ങിന്റെ ഒരുക്കങ്ങൾക്കിടയിലാണ് സംഭവം. റിസ്റ്റിയുടെ ശരീരത്തിൽ ആഴത്തിലുള്ള 28 മുറിവുകളുണ്ടായിരുന്നു. അറസ്റ്റിലായ അജി ജുഡിഷ്യൽ കസ്റ്റഡിയിലാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസ് കൈകാര്യം ചെയ്യുന്ന കോടതിയിലാണ് വിചാരണ പൂർത്തിയായത്.