കൊച്ചി : "കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും...ഫേസ് ബുക്കിലേക്ക് ഇതങ്ങോട്ടു കോപ്പി പേസ്റ്റ് ചെയ്യ് സാറേ..." എറണാകുളം ജില്ലയിൽ കനത്ത മഴ തുടർന്ന കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജില്ലാ കളക്ടറുടെ ഫേസ് ബുക്കിൽ കമന്റുകളുടെ ബഹളമായിരുന്നു. ഒന്നുറപ്പാണ്, അവധി നൽകിയാലും ഇല്ലെങ്കിലും ഇൗ കമന്റുകൾ വായിച്ച് ജില്ലാ കളക്ടർ പൊട്ടിച്ചിരിച്ചിട്ടുണ്ടാവും. ഒരു സാമ്പിൾ നോക്കൂ : "സാർ, എന്തു വന്നാലും നാളെ അവധി കൊടുക്കരുത്, നാളെ അവധിയില്ലെന്ന് ഞാൻ അനിയനുമായി ബെറ്റ് വച്ചിരിക്കുകയാണ്. ചതിക്കല്ലേ." ജില്ലയ്ക്കു മുഴുവൻ അവധി തരാൻ മടിയാണെങ്കിൽ നോർത്ത് പറവൂരിലെങ്കിലും അവധി വേണമെന്ന് അപേക്ഷിച്ചവരും ഏറെയുണ്ട്. കഴിഞ്ഞ ദിവസം രാത്രി മഴ തുടങ്ങി നഗരത്തിൽ വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടപ്പോൾ മുതൽ കളക്ടറുടെ ഫേസ് ബുക്കിൽ കമന്റുകൾ കുമിഞ്ഞു കൂടി. "അവധി പ്രഖ്യാപിക്ക് സാറേ", "അവധി പ്രഖ്യാപിക്കുമ്പോൾ പ്രൊഫഷണൽ കോളേജുകാരെ മറക്കരുതേ..." പാത്രിരാത്രി പിന്നിട്ടിട്ടും അപേക്ഷകളിൽ കുറവു വന്നില്ല. ഒടുവിൽ ഒരു വിരുതന്റെ കമന്റ് : "ഇനിയാരും നാളെ അവധിയെന്ന് ചോദിക്കരുത്, രാത്രി 12 കഴിഞ്ഞതിനാൽ ഇന്ന് അവധി തരൂ എന്നു പറയണം." ക്ഷമകെട്ട് ഒരു കൂട്ടർ അവധി തരാൻ ഉദ്ദേശ്യമുണ്ടോ, വേഗം പറഞ്ഞാൽ ഉറങ്ങാൻ പോകാമായിരുന്നു എന്നിങ്ങനെ കമന്റുകളുമായി രംഗത്തു വന്നു. കളക്ടർക്ക് പഴയ സ്നേഹമില്ലെന്ന് പരിതപിച്ചവരും ഉണ്ട്. എറണാകുളം മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങൾ വ്യക്തമാക്കി കളക്ടർ ഫേസ് ബുക്കിലിട്ട പോസ്റ്റിനു ചുവട്ടിലാണ് അവധി അപേക്ഷകൾ നിറഞ്ഞത്.
"നല്ല മഴ തുടങ്ങി. സാർ അവധി പ്രഖ്യാപിച്ച് അതൊന്നു നിറുത്തി തരാമോ ?" എന്നൊരാൾ. അവധി പ്രഖ്യാപിക്കുന്നെങ്കിൽ രാവിലെ ആറിന് മുമ്പ് പോസ്റ്റിടണമെന്ന് ഒരു രക്ഷിതാവ്. അവധി പ്രഖ്യാപിക്കണമെന്ന ഇക്കൂട്ടരുടെ പ്രലോഭനങ്ങളിലൊന്നും വീഴാതെ കളക്ടർ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ മഴയുടെ സൂചനയൊന്നുമില്ലെന്ന് കണ്ടതോടെ അവധി അപേക്ഷകർ ചുവടുമാറ്റി : "ഹോ, അവധി പ്രഖ്യാപിക്കാതിരുന്ന കളക്ടർക്ക് നന്ദി" എന്നായി ഇവർ.