shimitha
ടി.ജെ വിനോദ് കുടുംബത്തോടൊപ്പം

കൊച്ചി: തമ്മനത്തെ തൈവേലിക്കകത്ത് വീട് ആഘോഷത്തിലാണ്. വീട്ടിൽ നിന്ന് കൊച്ചി നഗരസഭയുടെ ഡെപ്യൂട്ടി മേയറായി ഇറങ്ങിയ വീട്ടുകാരൻ വൈകിട്ട് വന്നുകയറിയത് എറണാകുളത്തെ എം.എൽ.എ ആയിട്ടാണ്. ടി.ജെ വിനോദ് വിജയിച്ചുവെന്ന വാർത്ത വരുമ്പോൾ അമ്മയ്ക്കും വിരുന്നുകാരായി വന്നുകയറിയ സഹോദരങ്ങൾക്കും ഭക്ഷണമൊരുക്കുന്ന തിരക്കിലായിരുന്നു ഭാര്യ ഷിമിത. ഭർത്താവിന്റെ പുതിയ ഉത്തരവാദിത്തത്തിൽ സന്തോഷമുണ്ടെങ്കിലും എം.എൽ.എയുടെ ഭാര്യാപദവിയിൽ മതിമറക്കുന്നില്ല എന്ന് ഷിമിത പറയുന്നു.

1997 ഫെബ്രുവരി 2ന് ടി.ജെ വിനോദിന്റെ ഭാര്യയാകുമ്പോൾ തമ്മനത്തെ വാർഡ് കൗൺസിലറായിരുന്നു അദ്ദേഹം. ഉയർച്ചകളോരോന്ന് വിനോദിനെ തേടിയെത്തി. ഡി.സി.സി പ്രസിഡന്റ്, കൊച്ചിയുടെ ഡെപ്യൂട്ടി മേയർ, ഇപ്പോഴിതാ എം.എൽ.എ സ്ഥാനവും.

വിനോദിന് വേണ്ടി വോട്ട് പിടിക്കാൻ പോകാറില്ല എന്നത് ഇത്തവണ തെറ്റിച്ചു ഷിമിത. ഇറങ്ങട്ടേ വോട്ട് പിടിക്കാനെന്ന ഷിമിതയുടെ ചോദ്യത്തിന് പറ്റുമെങ്കിൽ എന്ന് മാത്രമായിരുന്നു വിനോദിന്റെ മറുപടി. ഭൂരിപക്ഷം കുറഞ്ഞാലും വിജയം വിനോച്ചനൊപ്പം തന്നെയുണ്ടാകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് പറയുന്നു ആ വീട്ടമ്മ. ഭർത്താവിന്റെ മാത്രമല്ല, മക്കളുടെയും ടെൻഷൻ കുറയ്ക്കേണ്ട ഉത്തരവാദിത്തം ഉണ്ടായിരുന്നു ഷിമിതയ്ക്ക്.

രാഷ്ട്രീയത്തിന്റെ തിരക്കിലും ഒരിക്കലും വീട്ടുകാര്യങ്ങളിൽ ഒട്ടും പിന്നോട്ടു പോയിരുന്നില്ല വിനോച്ചൻ എന്ന് ഷിമിതയുടെ സർട്ടിഫിക്കറ്റ്. പത്താം വയസിൽ പിതാവ് ജോസഫ് മരിച്ചതോടെ അമ്മ സെലിൻ ജോസഫാണ് വിനോദിനെ വളർത്തിയത്. വിനോദിനൊപ്പം തന്നെയാണ് അമ്മയും.