കിഴക്കമ്പലം: താമരച്ചാൽ ബൈപ്പാസ് റോഡിലെ കട്ടിംഗിൽ വീണ് നിയന്ത്റണം നഷ്ടപ്പെട്ട കാർ മീഡിയനിൽ ഇടിച്ചുതകർന്നു. ഇന്നലെ രാവിലെ 8.30 ഓടെയാണ് അപകടം. ആർക്കും പരിക്കില്ല. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ റോഡിന്റെ സൈഡ് കട്ടിംഗിൽ നിന്ന് കാറിന്റെ ചക്രങ്ങൾ താഴേയ്ക്കു പതിച്ചു. നിയന്ത്റണം നഷ്ടപ്പെട്ട വാഹനം റോഡിലെ മീഡിയനും റോഡരികിൽ നിന്ന ഒരു മരത്തിലും ഇടിച്ചാണ് അപകടം. നിർമ്മാണം പൂർത്തിയാകാത്തതിനാൽ ഈ റോഡിൽ അപകടങ്ങൾ പതിവാകുകയാണ്. റോഡ് ബി.എം, ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും റോഡിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ടിട്ടുള്ള കട്ടിംഗാണ് അപകടത്തിന് ഇടയാക്കുന്നത്. നിരവധി ടൂവീലറുകളും ഇവിടെ അപകടത്തിൽ പെടുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളും അടിയന്തരമായി മണ്ണിട്ടുനികത്തി റോഡ് നിരപ്പിലാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.