കൊച്ചി : പ്രതിസന്ധികൾ അതിജീവിച്ച് ഉജ്വലമായ വിജയമാണ് എറണാകുളത്ത് യു.ഡി.എഫ് നേടിയതെന്ന് പ്രചാരണത്തിന്റെ ചുമതല വഹിച്ച വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. എറണാകുളത്തെ വോട്ടെടുപ്പിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ നീതി കാട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മഴ മൂലം പോളിംഗ് കുറഞ്ഞില്ലായിരുന്നെങ്കിൽ വലിയ ഭൂരിപക്ഷത്തോടെ വൻവിജയം നേടുമായിരുന്നു. മഴ മൂലം വോട്ടെടുപ്പിൽ നിന്ന് ജനങ്ങൾ വിട്ടുനിന്നു. എറണാകുളം ഗേൾസ് സ്കൂളിലുൾപ്പെടെ നേരിയ പോളിംഗാണ് നടന്നത്.
രണ്ടു മണിക്കൂർ കൂടി വോട്ടെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിനൽകിയിരുന്നെങ്കിൽ പോളിംഗ് വർദ്ധിച്ചേനെ. 59 ശതമാനം പോളിംഗാണ് നടന്നത്. 72 ശതമാനത്തിന് മുകളിൽ വരേണ്ടതാണ്. എന്നിട്ടും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വലിയ വിജയം നേടാൻ കഴിഞ്ഞത് അഭിമാനകരമാണ്. യു.ഡി.എഫിന് ഏറ്റവും കൂടുതൽ വോട്ട് കിട്ടേണ്ട സ്ഥലങ്ങളിലാണ് പോളിംഗ് കുറഞ്ഞത്. ചാറ്റൽമഴ പെയ്താൽ പോലും വീട്ടിൽ നിന്നിറങ്ങാത്തവരാണ് നഗരവാസികൾ പലരും. റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയായിരുന്നു. എൽ.ഡി.എഫിന്റെ വോട്ടുകൾ ചെറിയ രീതിൽ ചെയ്യാതിരുന്നിട്ടുണ്ട്. വലിയ നഷ്ടം സംഭവിച്ചത് യു.ഡി.എഫിനാണ്. എണ്ണായിരത്തിലേറെ ഉറപ്പുള്ള വോട്ടുകൾ ചെയ്യാതെ പോയിട്ടുണ്ട്. പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കേണ്ടതായിരുന്നു.
ടി.ജെ. വിനോദിനെതിരെ വർഗീയ പ്രചാരണം എൽ.ഡി.എഫ് നടത്തിയത്. ക്രൈസ്തവമേഖലകളിൽ വിനോദ് ഹിന്ദുവാണെന്ന് പ്രചരിപ്പിച്ചു. ഹൈന്ദവ മേഖലകളിൽ ക്രസ്ത്യനാണെന്ന് പ്രചരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.