കിഴക്കമ്പലം: ഈ റോഡിൽ വളവുകളുടെ പ്രളയമാണ്. അതിനാൽ യാത്ര സൂക്ഷിക്കുക. പറഞ്ഞുവരുന്നത് മോറയ്ക്കാല - പറക്കോട് റോഡിനെക്കുറിച്ചാണ്. കാഴ്ചയിൽ സുന്ദരമാണെങ്കിലും അപകടങ്ങളൊഴിഞ്ഞിട്ട് സഞ്ചരിക്കാൻ പറ്റാത്ത അസ്ഥയിലാണ് റോഡ് . ടാറിംഗ് പൂർത്തിയായപ്പോൾ റോഡിന്റ വീതിക്കുറവും കൊടുംവളവുകളുമാണ് വില്ലനായി മാറിയത്. ടാറിംഗ് പൂർത്തിയായി കുണ്ടും കുഴിയുമില്ലാതായതോടെ ഇതിലൂടെ വാഹനങ്ങൾ ശരവേഗത്തിലാണ് പായുന്നത്. ഇതുവഴി സഞ്ചരിക്കുന്ന കാൽനട യാത്രക്കാരുടെ ശ്രദ്ധ അല്പമൊന്ന് തെറ്റിയാൽ അപകടം ഉറപ്പാണ്.
# അപകടം കാത്തിരിക്കുന്നു
മോറക്കാലയിൽ നിന്ന് പറക്കോട് റോഡിലേയ്ക്ക് പ്രവേശിക്കുന്നയിടത്തെ ആദ്യത്തെയും രണ്ടുമത്തെയും വളവുകളിൽ അപകടം പതിയിരിക്കുന്നുണ്ട്. ഇത് കഴിഞ്ഞും നിരവധി വളവുകളും കൊടുംവളവുകളുമുണ്ട്. എതിർദിശയിൽ നിന്നുവരുന്ന വാഹനം സമീപത്തെത്തിയാൽ മാത്രമേ കാണാനാകൂ. ഡ്രൈവർമാരുടെ ശ്രദ്ധയൊന്നു തെറ്റിയാൽ കൂട്ടയിടി ഉറപ്പാണ്. റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്തപ്പോൾ നിലവിലുള്ള വീതിയിൽ തന്നെ വളവുകളിൽ പോലും വീതികൂട്ടാതെ ടാർ ചെയ്തതാണ് അപകടങ്ങൾക്ക് കാരണം.
# കൈയേറ്റമൊഴിവാക്കാതെ
നിർമ്മാണം
റോഡിന്റെ പല ഭാഗങ്ങളിലും കൈയേറ്റങ്ങളുണ്ട്. ഇതൊഴിവാക്കാതെയാണ് നിർമ്മാണം പൂർത്തീകരിച്ചത്. വളവുകളിലെ ഇത്തരം കൈയേറ്റങ്ങളാണ് അപകടങ്ങൾ വർദ്ധിപ്പിക്കുന്നതിന് പ്രധാന കാരണം. പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം പലതവണ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.