കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് മെട്രോ സർവീസ് തടസപ്പെട്ടതോടെ യാത്രക്കാർ വലഞ്ഞു. ഇന്നലെ രാവിലെ 10.15 നാണ് ആലുവ -തൈക്കൂടം റൂട്ടിൽ സർവീസ് നടത്തിയിരുന്ന ട്രെയിനുകൾ ഇഴഞ്ഞുനീങ്ങി തുടങ്ങിയത്. ബ്രേക്കിംഗ് സംബന്ധമായ സാങ്കേതിക പ്രശ്നങ്ങളാണ് കുഴപ്പം വരുത്തിയത് . സർവീസ് വൈകുമെന്ന് ആവർത്തിച്ച് അറിയിപ്പ് വന്നതോടെ പലരും ഇട സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിച്ചു. അര മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ച് സർവീസ് പുനസ്ഥാപിച്ചതായി കൊച്ചി മെട്രോ റെയിൽ ( കെ.എം.ആർ.എൽ ) അധികൃതർ അറിയിച്ചു.