കൊച്ചി: വിമർശനങ്ങളുടെ തീച്ചൂളയിൽ പൊള്ളുന്ന മേയർ സൗമിനി ജെയിന് ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദിന്റെ വിജയം പിടിവള്ളിയും ആശ്വാസവുമായി. ഡെപ്യൂട്ടി മേയർക്കൊപ്പം മേയറെയും മാറ്റണമെന്ന ആവശ്യവുമായി കളത്തിലിറങ്ങിയ എതിരാളികളെ പ്രതിരോധിക്കാൻ സൗമിനിക്ക് തിരഞ്ഞെടുപ്പ് ഫലം ഗുണകരമായി. നേതൃമാറ്റം പാർട്ടി തീരുമാനിച്ചാൽ അനുസരിക്കുമെന്നാണ് മേയർ ഇന്നലെ പ്രതികരിച്ചത്.
കോർപ്പറേഷന്റെ ഭരണപരാജയങ്ങളായിരുന്നു ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണ ആയുധം. തിരഞ്ഞെടുപ്പ് ദിനത്തിലെ കനത്ത വെള്ളക്കെട്ട് വോട്ടിംഗ് ശതമാനം കുറച്ചുവെന്ന് മാത്രമല്ല, മേയറുടെ പ്രതിച്ഛായയെയും സാരമായി ബാധിച്ചു.
കളക്ടർ എസ്. സുഹാസിനെക്കാൾ മുന്നേ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾക്കായി നഗരത്തിൽ ഇറങ്ങേണ്ടിയിരുന്ന മേയർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന് യു.ഡി.എഫ് കൗൺസിലർമാർക്ക് ആക്ഷേപമുണ്ട്. കോർപ്പറേഷന്റെ കീഴിൽ 1200 ശുചീകരണ തൊഴിലാളികളാണുള്ളത്. ജെ.സി.ബി ഉൾപ്പെടെ ഉപകരണങ്ങൾ സംഘടിപ്പിക്കാനും എളുപ്പമായിരുന്നു. അവധി ദിവസമാണെന്ന കാരണം പറഞ്ഞ് മേയർ ചുമതലകളിൽ നിന്ന് ഒളിച്ചോടിയെന്നായിരുന്നു വിമർശനം. എല്ലാ പിഴവുകൾക്കും ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി. കോടതിയുടെ മുന്നിൽ നാണംകെട്ടു. ഇതിനെല്ലാം മേയർ സമാധാനം പറയണമെന്ന് എതിരാളികൾ പറയുന്നു.
# യോഗം അറിഞ്ഞിട്ടില്ലെന്ന് മേയർ അനുകൂലികൾ
അതേസമയം നേതൃമാറ്റംതങ്ങളുടെ അജണ്ടയിലില്ലെന്ന് മേയർ അനുകൂലികൾ അവകാശപ്പെട്ടു. ഇക്കാര്യം ആലോചിക്കാൻ നേതൃയോഗം ചേരുമെന്ന പ്രചരണം ശരിയല്ല. നിലവിലുള്ള കൗൺസലിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രമാണുള്ളത്. ഇത്ര ചുരുങ്ങിയ കാലത്തേക്കായി പുതിയ ആളെ നിയോഗിക്കുന്നത് പ്രായോഗികമല്ല. ടി.ജെ. വിനോദ് സ്ഥാനം ഒഴിയുന്നതോടെ ആറു മാസത്തിനുള്ളിൽ ഡിവിഷനിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവരും. അതിനിടെ നേതൃമാറ്റം ഉണ്ടായാൽ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കും. മേയർ സ്ഥാനത്തു നിന്നു മാറ്റിയാൽ കൗൺസിലർ സ്ഥാനത്ത് തുടരില്ലെന്ന് സൗമിനി ജെയിൻ നേരത്തെ പറഞ്ഞിരുന്നു. അങ്ങനെ വന്നാൽ നാല് വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിൽക്കുന്ന യു.ഡി.എഫ് ഭരണസമതിയുടെ ഭാവി അപകടത്തിലാകുമെന്ന് മേയറെ അനുകൂലിക്കുന്നവർ ഓർമ്മിപ്പിക്കുന്നു.
# പ്രതീക്ഷയോടെ കെ.ആർ.പ്രേമകുമാർ
ടി.ജെ.വിനോദ് സ്ഥാനം ഒഴിയുന്നതോടെ കെ.ആർ. പ്രേമകുമാർ ഡെപ്യൂട്ടി മേയറാകാനാണ് സാദ്ധ്യത. കഴിഞ്ഞ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രേമന് അധികാരം കൈമാറുമെന്ന് ഡി.സി.സി പ്രസിഡന്റ് കൂടിയായ ടി.ജെ. വിനോദ് പറഞ്ഞിരുന്നു.
#കോർപ്പറേഷനെ നിശിതമായി വിമർശിച്ച് ഹൈബി ഈഡൻ എം.പി
പൊതുജനത്തിന്റെ വികാരം മനസ്സിലാക്കാൻ കൊച്ചി കോർപ്പറേഷൻ പരാജയപ്പെട്ടുവെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. കൊച്ചിയിലെ പല പദ്ധതികളും നടപ്പിലാക്കുന്നതിൽ കോർപ്പറേഷന് വേണ്ടത്ര വേഗതയും ജാഗ്രതയുമില്ല. ഹൈക്കോടതി പോലും വിമർശിച്ച സാഹചര്യത്തിൽ കോർപ്പറേഷൻ കൂടുതൽ ജാഗ്രത പാലിക്കണം. എല്ലാ കാലത്തും മേയർക്ക് പാർട്ടി പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നഗരസഭഭരണത്തിൽ നേതൃമാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹൈബി പറഞ്ഞു.എറണാകുളത്ത് മികച്ച ഭൂരിപക്ഷമല്ല ലഭിച്ചതെന്നും യു.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകൾ പൂർണ്ണമായും ലഭിച്ചില്ല. പോളിംഗ് ശതമാനത്തിലെ കുറവ് യു.ഡി.എഫിനെയാണ് ബാധിച്ചത്. ഇത് മഴ മൂലം വോട്ട് ചെയ്യാൻ വരാത്തവരുടേതാണ്. ഭൂരിപക്ഷം കുറഞ്ഞത് പാർട്ടി പരിശോധിക്കണമെന്നും എറണാകുളത്തെ ജനങ്ങൾ നൽകിയ പ്രതികരണം പാർട്ടി പാഠമായി ഉൾക്കൊള്ളണമെന്നും ഹൈബി പറഞ്ഞു. ഇടതുപക്ഷ മുന്നണിയുടെ ഭരണത്തിൽ കൊച്ചിയിൽ നഗരസഭയിൽ കൂടുതൽ വികസനങ്ങൾ പ്രതീക്ഷിക്കേണ്ട. സർക്കാരിൽ നിന്ന് ഒന്നും കിട്ടില്ലെന്നും ഹൈബി പറഞ്ഞു. വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തിന്റെ വിജയത്തിന് ചെറുപ്പക്കാരനെന്ന ഇമേജ് സഹായകരമായി. പ്രളയസമയത്തെ അദ്ദേഹത്തിന്റെ പ്രവർത്തികളും ഒരുകാരണമായി. അദ്ദേഹത്തെ തയ്യാറാക്കിയെടുക്കുന്നതിൽ ഇടതുപക്ഷം വിജയിച്ചുവെന്നും ഹൈബി പറഞ്ഞു.