കൊച്ചി : അപകട ഭീഷണിയിലുള്ള മതിൽ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഫോർട്ട് കൊച്ചി രാമേശ്വരം സ്വദേശി സിയാദ് സേട്ട് നൽകിയ ഹർജിയിൽ ഒരുമാസത്തിനുള്ളിൽ ഡെപ്യൂട്ടി കളക്ടർ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വീടിനു സമീപത്ത് 20 അടി ഉയരമുള്ള മതിൽ വീഴാറായ നിലയിലാണെന്നും ഇതു പൊളിച്ചു നീക്കാൻ നിർദ്ദേശിക്കണമെന്നുമാവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഒരു സഹകരണ ബാങ്കിന്റെ ഭൂമിയിലാണ് മതിൽ സ്ഥിതി ചെയ്യുന്നത്. ആൽമരവും കാടും വളർന്ന നിലയിലുള്ള മതിൽ പൊളിക്കാൻ ഹർജിക്കാരൻ നൽകിയ നിവേദനത്തിൽ കളക്ടർ തഹസിൽദാറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. മതിൽ പൊളിച്ചു നീക്കണമെന്ന് തഹസിൽദാർ റിപ്പോർട്ടു നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. കളക്ടർക്ക് നൽകിയ നിവേദനവും റിപ്പോർട്ടും ദുരന്ത നിവാരണ നടപടികളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർക്ക് കൈമാറാനും ഒരുമാസത്തിനുള്ളി ഡെപ്യൂട്ടി കളക്ടർ നടപടിയെടുക്കാനുമാണ് വിധിയിൽ പറയുന്നത്.