mookambika-temple
പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് വെള്ളം കയറിയപ്പോൾ.

പറവൂർ : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വെള്ളക്കെട്ട് നാലമ്പലത്തിന് അകത്തേയ്ക്കും കയറി. ഉപദേവ കോവിലുകളിനു ചുറ്റും വെള്ളം കെട്ടിനിൽക്കുന്നത് ഭക്തർക്ക് തൊഴുകുന്നതിന് തടസമാകുന്നുണ്ട്. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡ് ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ്. അടുത്തിടെ ഇവിടെ ടെൽ വിരിച്ചിരുന്നു. ഇതോടെ ക്ഷേത്രാങ്കണത്തിലെ വെള്ളം പുറത്തേയ്ക്ക് പോകാൻ യാതൊരു വഴിയുമില്ലാതെയായി. ചെറിയ മഴ പെയ്താൽ ക്ഷേത്രത്തിൽ വെള്ളക്കെട്ടാണ്. വെള്ളം പുറത്തേയ്ക്ക് ഒഴുക്കികളയാൻ മതിലിൽ വലിയ ദ്വാരം ഉണ്ടാക്കിയെങ്കിലും ഫലംകണ്ടില്ല. പിന്നീട് മോട്ടോർ ഉപയോഗിച്ചാണ് പുറത്തേയ്ക്ക് വെള്ളം പമ്പ് ചെയ്തത്. നാലമ്പലത്തിനുള്ളിൽ വെള്ളംകയറിയാൽ ശ്രീകോവിനു ചുറ്റുമുള്ള കുളത്തിലേയ്ക്ക് വെള്ളം ഒഴുകാൻ സാദ്ധ്യതയുണ്ട്. ഇത് താമരകളും അശുദ്ധിയാകാൻ കാരണമാകും. ക്ഷേത്രാങ്കണത്തിലെ വെള്ളം പുറത്തേയ്ക്ക് ഒഴുകിപ്പോകുന്നതിനുള്ള ക്രമീകരണം നടത്തണമെന്ന് ദേവസ്വം ബോർഡ് അധികൃതരോട് ക്ഷേത്ര ഉപദേശക സമിതിയും ഭക്തരും ആവശ്യപ്പെട്ടു.