പെരുമ്പാവൂർ: യാക്കോബായ സുറിയാനി സഭയുടെ കൈവശമുള്ള പള്ളികളിൽ ആരാധനാ സ്വാതന്ത്ര്യം നിലനിർത്തണമെന്ന് പെരുമ്പാവൂർ മേഖല സൺഡേസ്‌കൂൾ അസോസിയേഷൻ ആവശ്യപ്പെട്ടു. മേഖലാ മെത്രാപ്പൊലീത്ത മാത്യൂസ് മോർ അപ്രേം അദ്ധ്യക്ഷത വഹിച്ചു. സഭയിലെ വിവിധ പള്ളികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിശ്വാസപരവും സ്വത്ത് സംബന്ധിച്ചുമുള്ള തർക്കങ്ങൾ പരിഹരിക്കുവാൻ കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിട്യൂഷൻ ട്രസ്റ്റ് ബിൽ 2009 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ എൽബി വർഗീസ് പ്രമേയം അവതരിപ്പിച്ചു. തർക്കമുള്ള പള്ളികളിൽ ഭൂരിപക്ഷം വരുന്ന വിശ്വാസികൾക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥകളാണ് നിലനിൽക്കുന്നത്. സമൂഹ മന:സാക്ഷിക്ക് നിരക്കാത്ത തരത്തിൽ മരണാനന്തര ചടങ്ങുകൾപോലും തടസപ്പെടുന്ന സാഹചര്യത്തിൽ പള്ളികളിൽ സമാധാനാന്തരീക്ഷം നിലനിൽക്കുവാൻ ചർച്ച് ആക്ട് നടപ്പിലാക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്ന് യോഗം വിലയിരുത്തി. ജോബി മാത്യു, ടി.ടി. ജോയി, പി.ഐ. ഉലഹന്നാൻ എന്നിവർ പ്രസംഗിച്ചു.