മൂവാറ്റുപുഴ: ക്ളാസ് തുടങ്ങുന്നതിനുമുമ്പ് ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങൾ സ്കൂളിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ശലഭോദ്യാനത്തിൽ എത്തും. ഉദ്യാനത്തിലെ പൂക്കളിൽ നിന്ന് തേൻകുടിക്കാനെത്തുന്ന ശലഭങ്ങളെ കൗതുകത്തോടെ നോക്കിക്കാണും. വിവിധതരത്തിലുള്ള ശലഭങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കും. സ്കൂൾ വിട്ടുപോകുമ്പോഴും ഉദ്യാനത്തിലെത്തി മനം കുളിർപ്പിച്ചാണ് മടക്കം.
പ്രകൃതിയെ അടുത്തറിയുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയ ശലഭോദ്യാനമാണ് വർണവിരുന്നൊരുക്കുന്നത്. ശലഭങ്ങളെ അറിയുക, ശലഭങ്ങളെ സംരക്ഷിക്കുക, ശലഭങ്ങളുടെ വിവിധ ജീവിത ഘട്ടങ്ങൾ നിരീക്ഷിക്കുക അതിലൂടെ പ്രകൃതിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ശലഭോദ്യാനത്തിന്റെ സംരക്ഷണച്ചുമതല പൂർണമായും വിദ്യാർത്ഥികൾക്കാണ്. പത്തിലേറെ ഇനങ്ങളിലുള്ള ശലഭങ്ങൾ ഈ ഉദ്യാനത്തിലെ നിത്യസന്ദർശകരാണ്. ചെറിയ ശലഭോദ്യാനങ്ങൾ ഓരോ വീട്ടിലും നിർമ്മിച്ച് മാറാടിയെ ശലഭ സൗഹൃദ ഗ്രാമമാക്കി മാറ്റുവാൻ തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികൾ.
വിദ്യാർത്ഥികൾ പരിപാലിക്കുന്ന ബന്ദിപ്പൂക്കളുടെ ആദ്യ വിളവെടുപ്പ് പ്രിൻസിപ്പൽ റോണി മാത്യു നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ. സജികുമാർ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, മദർ പി ടി.എ പ്രസിഡന്റ് സിനിജ സുനിൽ, അഗ്രിക്കൾച്ചർ വൊക്കേഷണൽ അദ്ധ്യാപിക റനിതാ ഗോവിന്ദ്, പൗലോസ് ടി., പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി. പി, ചിത്ര ആർ.എസ്, വിനോദ് ഇ.ആർ, കൃഷ്ണപ്രിയ തുടങ്ങിയവർ ശലഭോദ്യാനത്തിന് മേൽനോട്ടം വഹിക്കുന്നു.